എറണാകുളം : മൂവാറ്റുപുഴയിൽ വീട്ടുടമസ്ഥൻ ഇല്ലാതിരുന്ന സമയത്ത് നാല് പെൺകുട്ടികളെ പുറത്താക്കി വീട് ജപ്‌തി ചെയ്ത സംഭവത്തെ തുടർന്ന് സിഐടിയു നൽകിയ സഹായം നിരസിച്ച് വീട്ടുടമ അജേഷ്. സിഐടിയുവിന്‍റെ സഹായം വേണ്ടെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പിന്തുണയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അജേഷ് പറഞ്ഞു.
കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കലിന്‍റെ ഫേസ്ബുക്ക് പേജിലൂടെ കുടിശ്ശിക എഴുതിത്തള്ളിയ കാര്യം അറിഞ്ഞിരുന്നു. എന്നാൽ കുടുംബത്തിന്‍റെ മുഴുവൻ കട ബാധ്യതയാണ് മാത്യു കുഴൽനാടൻ എംഎൽഎ ഏറ്റെടുത്തത്. തുടർന്നുള്ള എല്ലാ സഹായവും എംഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുമുണ്ട്. സിഐടിയുവിന്‍റെ ഒരു സഹായവും വേണ്ടെന്നും അജേഷ് പറയുന്നു.
മൂവാറ്റുപുഴ ജപ്‌തി: സിഐടിയുവിന്‍റെ സഹായം വേണ്ടെന്ന് അജേഷ്, എംഎൽഎയുടെ സഹായം സ്വീകരിക്കും വീടിന്‍റെ കുടിശ്ശിക സിഐടിയുവിന്‍റെ ബാങ്ക് ജീവനക്കാരുടെ സംഘടന അടച്ചുതീർത്തതായി അറിയിച്ചതിലാണ് അജേഷിന്‍റെ പ്രതികരണം. രണ്ട് ദിവസം മുൻപാണ് അജേഷ് ആശുപത്രിയിലായിരിക്കെ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്‌തി ചെയ്‌തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പുറത്താക്കിയ ശേഷമായിരുന്നു നടപടി. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തില്‍ പൂട്ട് പൊളിച്ച് കുട്ടികളെ അകത്ത് പ്രവേശിപ്പിക്കുകയായിരുന്നു.
Also Read: കുട്ടികളെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് ജപ്‌തി; പൂട്ട് പൊളിച്ച് അകത്തുകയറ്റി മാത്യു കുഴൽനാടൻ എംഎൽഎ
ബാങ്കിൽ നിന്ന് പണമെടുത്തതിന് ശേഷം മൂന്ന് പ്രാവശ്യം പലിശ അടച്ചിട്ടുണ്ട്. പിന്നീട് ലോക്‌ഡൗണ്‍ വന്നതിനെത്തുടർന്ന് പലിശയടയ്ക്കാൻ സാധിക്കാതെ വരികയായിരുന്നു. വാടക കൊടുക്കാൻ പറ്റാതെ വന്നതോടെ സ്വന്തമായി നടത്തിയിരുന്ന സ്റ്റുഡിയോ അടച്ചുപൂട്ടേണ്ടി വന്നു. ഇതിനിടയിൽ ഹൃദയാഘാതം സംഭവിച്ച് ജോലിക്ക് പോകാൻ സാധിച്ചതുമില്ല. ഇതുകൊണ്ടാണ് ബാങ്കിലെ പൈസ കൊടുക്കാൻ സാധിക്കാതിരുന്നത്.
ഇത് രേഖാമൂലം ബാങ്കിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അജേഷ് ബാങ്കിൽ ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും നൽകിയില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് നുണയാണെന്ന് അജേഷ് പറയുന്നു. നിരവധി തവണ ബാങ്കിൽ എത്തി ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നു. എന്നാൽ ഒരു വിട്ടുവീഴ്ചയ്ക്കും ബാങ്ക് ഉദ്യോഗസ്ഥർ തയാറായില്ല.
Also Read: കിടപ്പാടം നഷ്‌ടപ്പെടുത്തിക്കൊണ്ടുള്ള ജപ്‌തി നടപടി അംഗീകരിക്കില്ല, ഇത് സര്‍ക്കാര്‍ നയം : മന്ത്രി വി.എൻ വാസവൻ
നാല് പ്രാവശ്യം ഹൃദയാഘാതം വരികയും ചികിത്സയ്ക്കായി ഒരുപാട് പണം ആവശ്യമായി വരികയും ചെയ്തു. നാല് മക്കളുടെ വിദ്യാഭ്യാസം നടത്താൻ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങിയതെന്നും അജേഷ് പറയുന്നു. അതേസമയം, എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജായി തിങ്കളാഴ്‌ച രാത്രി എട്ടരയോടുകൂടി അജേഷ് വീട്ടിലെത്തി. ജനപ്രതിനിതികളും നാട്ടുകാരും അജേഷിനേയും കുടുംബത്തേയും കാണാനായി എത്തിയിരുന്നു.