എറണാകുളം:മാസപ്പടി വിവാദത്തിൽ (Monthly quota row) അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി (Muvattupuzha vigilance court) ഫയലിൽ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan), മകൾ വീണ (T Veena), രമേശ് ചെന്നിത്തല (Ramesh Chennithala), പികെ കുഞ്ഞാലിക്കുട്ടി (PK Kunhalikutty), വികെ ഇബ്രാഹിം കുഞ്ഞ് (VK Ebrahimkunju) എന്നിവര്‍ ഉൾപ്പടെ പന്ത്രണ്ട് പേരെ എതിർ കക്ഷികളാക്കി കളമശ്ശേരി സ്വദേശിയും പൊതുപ്രവർത്തകനുമായ ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയാണ് (Social activist Girish Babu plea) മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചത്.
അഴിമതി നിരോധന വകുപ്പ് പ്രകാരം കുറ്റം ചെയ്‌തുവെന്ന് ആരോപിച്ചാണ് ഗിരീഷ് ബാബു ഹർജി സമർപ്പിച്ചത്. ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. തുടർന്നാണ് ഹർജി ഫയലിൽ സ്വീകരിച്ചത്. ഈ മാസം ഇരുപത്തിയാറിന് കേസ് വീണ്ടും കോടതി പരിഗണിക്കും. എക്‌സാലോജിക് സൊലൂഷന്‍സ്, കൊച്ചിന്‍ മിനറല്‍സ് എന്നീ കമ്പനികളെയും എതിർകക്ഷികളാക്കിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
സ്വകാര്യ കമ്പനികളിൽ നിന്ന് വലിയ തോതില്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഹർജിക്കാരന്‍റെ ആരോപണം. ആദായ നികുതി വകുപ്പ് ഇന്‍ററിം ബോര്‍ഡ് ഫോര്‍ സെറ്റില്‍മെന്‍റ് രേഖകൾ സഹിതമായിരുന്നു ഹർജി നൽകിയത്. വിജിലന്‍സ് ഡയറക്‌ടര്‍ക്ക് ഉൾപ്പടെ പരാതി നല്‍കിയെങ്കിലും അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
സിഎംആർഎൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയതിനെതിരായ തന്‍റെ പരാതിയിൽ വിജിലൻസ് തുടര്‍നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഗിരീഷ് ബാബു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ നേതാക്കൾ കൈക്കൂലിയായാണ് പണം വാങ്ങിയതെന്നും സംഭാവനയായല്ലെന്നുമാണ് അദ്ദേഹത്തിന്‍റെ ആരോപണം. വിവാദ കമ്പനിയെ വഴിവിട്ട് സഹായിക്കുന്നതിനായാണ് ഇവർ പണം വാങ്ങിയതെന്നും ഗിരീഷ് ബാബു ആരോപിക്കുന്നു.
സിഎംആർഎല്ലും ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട നികുതി തർക്കത്തിൽ ആദായ നികുതി വകുപ്പിന്‍റെ സെറ്റിൽമെന്‍റ് ബോർഡിറക്കിയ ഉത്തരവ് സഹിതമായിരുന്നു വിജിലൻസ് ഡയറക്‌ടർക്കും പരാതി നൽകിയത്. മുഖ്യമന്ത്രിയിൽ നിന്നുളള അനധികൃത സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് വീണ വിജയന് കമ്പനി പണം നൽകിയതെന്നും ഗിരീഷ് ബാബു ആരോപിക്കുന്നു. കെഎസ്ഐഡിസിയിൽ നിന്നുള്ള ഷെയർ സിഎംആർഎൽ കമ്പനിയിൽ നിക്ഷേപിച്ചിട്ടുണ്ട്. സർക്കാർ ഖജനാവിന് കൂടി നഷ്‌ടമുണ്ടാക്കിയ കേസാണിതെന്നും വിജിലൻസിന് അന്വേഷണം നടത്താമെന്നും പരാതിക്കാരനായ ഗിരീഷ് ബാബു വിശദീകരിച്ചിരുന്നു.
പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ എന്തിന് വേണ്ടി പണം വാങ്ങിയെന്ന് വ്യക്തമാകണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ ഇലക്ഷൻ കമ്മിഷന് നല്‍കിയ രേഖകളിൽ ഇത് വ്യക്തമാക്കേണ്ടതാണ്. സർക്കാർ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയില്ലങ്കിൽ അവർക്ക് എന്തോ മറയ്‌ക്കാനുണ്ടെന്നാണ് മനസിലാക്കേണ്ടതെന്നും പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസിന് അനുമതി ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. പരാതിക്കാരനായ തന്നെ വിജിലൻസ് മൊഴിയെടുക്കാൻ വിളിച്ചാൽ കൂടുതൽ തെളിവുകൾ നൽകുമെന്നും ഗിരീഷ് ബാബു വ്യക്തമാക്കിയിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഗിരീഷ് ബാബു വിജിലൻസ് കോടതിയെ സമീപിച്ചത്.