എറണാകുളം : മാസപ്പടി വിവാദത്തിൽ (Monthly Quota Controversy) അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു സമർപ്പിച്ച ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan), മകൾ വീണ (Veena Vijayan), മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala), പി കെ കുഞ്ഞാലിക്കുട്ടി (PK Kunhalikutty), വി കെ ഇബ്രാഹിം കുഞ്ഞ് (VK Ebrahimkunju) എന്നിവര്‍ ഉൾപ്പടെ പന്ത്രണ്ട് പേരെ എതിർകക്ഷികളാക്കിയാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്‍റെ ഹർജി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു (Monthly Quota Controversy Plea).
ഈ ഹർജിയിൽ കോടതി ഇന്ന് ഹർജിക്കാരന്‍റെ പ്രാഥമിക വാദമാണ് കേൾക്കുക. അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിടണം എന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. കഴിഞ്ഞ ബുധനാഴ്‌ച സമർപ്പിച്ച ഹർജി മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി മടക്കിയിരുന്നു. തുടർന്ന് രേഖകൾ സഹിതം വ്യാഴാഴ്‌ച വീണ്ടും സമർപ്പിച്ചതോടെയാണ് ഹർജി ഫയലിൽ സ്വീകരിച്ചത്.
എക്‌സാലോജിക് സൊല്യൂഷൻസ്, കൊച്ചിന്‍ മിനറല്‍സ് എന്നീ കമ്പനികളെയും എതിർകക്ഷികളാക്കിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ആദായ നികുതി വകുപ്പ് ഇന്‍ററിം ബോര്‍ഡ് ഫോര്‍ സെറ്റില്‍മെന്‍റിന്‍റെ രേഖകൾ സഹിതമാണ് ഹർജി നൽകിയത്. വിജിലന്‍സ് ഡയറക്‌ടര്‍ക്ക് ഉൾപ്പടെ പരാതി നല്‍കിയെങ്കിലും അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.