എറണാകുളം:പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. തൃപ്പുണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചാണ് ചോദ്യം ചെയ്യൽ തുടരുന്നത്. ഡിജിറ്റൽ തെളിവുകളടക്കം ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും.
മോന്‍സന്‍റെ ലാപ്ടോപ്, ഐ പാഡ്, മൊബൈൽ ഫോൺ എന്നിവ പരിശോധനക്ക് വിധേയമാക്കും. പണമിടപാട് സംബന്ധിച്ച് ബാങ്കിൽ നിന്നും വിവരങ്ങൾ തേടും. വ്യാജ രേഖ തയ്യാറാക്കിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ മോൻസൺ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്.
കൂടുതല്‍ വായനക്ക്: മോന്‍സണ്‍ മാവുങ്കലിനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തു
ആലപ്പുഴയിലും വ്യാജ പുരാവസ്തുക്കൾ നിർമിച്ച കൊച്ചിയിലെ കേന്ദ്രങ്ങളിലടക്കമെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. വ്യാഴാഴ്ച വൈകുന്നേരം വരെയാണ് എറണാകുളം എസിജെഎം കോടതി പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. അതേസമയം പ്രഥമദൃഷ്ട്യ പ്രതികൾക്കെതിരെ കുറ്റകൃത്യങ്ങൾ വ്യക്തമെന്ന് എറണാകുളം എസിജെഎം കോടതി വ്യക്തമാക്കി.
ജാമ്യപേക്ഷ തള്ളിയ ഉത്തരവിലാണ് എറണാകുളം എസിജെഎം കോടതിയുടെ നിരീക്ഷണമുള്ളത്. പരാതിക്കാരെ ചതിക്കുക എന്ന ലക്ഷ്യം മോൺസനുണ്ടായിരുന്നതായി കോടതി ചൂണ്ടികാണിച്ചു. മോൻസന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.