എറണാകുളം:ആലുവ ഇസ്റ്റ് പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടരുന്ന കോൺഗ്രസ് ജനപ്രതിനിധികളെ (Congress leaders) സന്ദർശിച്ച് മൊഫിയുടെ ഉമ്മ (Mofia's mother). തന്‍റെ മകളുടെ മരണത്തിന് (Mofia Parvin death) ഉത്തരവാദി പൊലീസാണന്ന് അവർ പറഞ്ഞു. നീതി തേടി പൊലീസ് സ്റ്റേഷനിലല്ലാതെ എവിടെയാണ് പോകുകയെന്നും മോഫിയുടെ ഉമ്മ ചോദിച്ചു.
പരാതിയുമായെത്തിയ തന്‍റെ മകളെ പൊലീസ് ആശ്വസിപ്പിച്ചിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. മകളെ നഷ്ടപ്പെട്ട ഉമ്മയുടെ മനസ് കാണാൻ ഇവർക്ക് കഴിയുമോയെന്നും പൊട്ടിക്കരഞ്ഞു കൊണ്ടവർ ചോദിച്ചു. മകളെ നഷ്ടപ്പെട്ട വേദനയിൽ ഏറെ വൈകാരികമായാണ് അവർ പ്രതികരിച്ചത്. സമരമുഖത്തുണ്ടായിരുന്ന ബെന്നി ബെഹനാൻ എംപിയും അൻവർ സാദത്ത് എംഎൽഎയും അവരെ ആശ്വസിപ്പിച്ചു. ആരോപണവിധേയനായ സി.ഐ. സുധീറിനെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്നും കുടുംബത്തോടൊപ്പം കോൺഗ്രസ് ജനപ്രതിനിധികളായ തങ്ങളുണ്ടാവുമെന്നും മൊഫിയയുടെ ഉമ്മയക്ക് അവർ ഉറപ്പ് നൽകി.
READ MORE:കോണ്‍ഗ്രസ് കുത്തിയിരിപ്പ് സമരം 24-ാം മണിക്കൂറിലേക്ക്; സി.ഐ സര്‍വീസില്‍ തന്നെ
ബുധനാഴ്ച രാവിലെ പത്ത് മണിക്ക് തുടങ്ങിയ കോൺഗ്രസ് ജനപ്രതിനിധികളുടെ സമരം തുടർച്ചയായി രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന് പിന്തുണയർപ്പിച്ച് രാത്രിമുഴുവൻ കോൺഗ്രസ് പ്രവർത്തകരും പൊലീസ് സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. സമരം കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഡിസിസിയുടെ നേതൃത്വത്തിൽ ഇന്ന് (നവംബർ 25) രാവിലെ പതിനൊന്ന് മണിക്ക് ആലുവ എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തും. അതേസമയം ഡിവൈഎസ്പിയുടെ റിപ്പോർട്ട് അനുസരിച്ച് ആരോപണ വിധേയനായ സിഐ സുധീറിനെ സ്ഥലം മാറ്റിയതായി പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഇത് സ്വീകാര്യമല്ലെന്നാണ് കോൺഗ്രസ് നിലപാട്.
ചൊവ്വാഴ്‌ചയാണ് (നവംബർ 23) നിയമ വിദ്യാർഥിയായ മൊഫിയ പർവീനെന്ന ഇരുപത്തിയൊന്നുകാരിയെ ആലുവയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തന്‍റെ മരണത്തിന് കാരണം ഭർത്താവ് സുഹൈലും, ഭർത്താവിന്‍റെ മതാപിതാക്കളുമാണെന്ന് ആത്മഹത്യക്കുറിപ്പിൽ യുവതി വ്യക്തമാക്കിയിരുന്നു. കൂടാതെ ഗാര്‍ഹിക പീഡന പരാതിക്കാരിയായി എത്തിയ തന്നോട് മോശമായി പെരുമാറിയ സിഐ സുധീറിനെതിരെയും യുവതിയുടെ ആത്മഹത്യക്കുറിപ്പിൽ ആരോപണമുണ്ടായിരുന്നു. ഭർത്താവ് സുഹൈൽ, ഭർതൃമാതാവ് റുഖിയ, ഭർതൃ പിതാവ് യൂസഫ് എന്നിവരെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.