എറണാകുളം: ആലുവയിലെ നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്‌ത കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.
രണ്ടും മൂന്നും പ്രതികളായ സുഹൈലിന്‍റെ മാതാപിതാക്കളായ റുഖിയ, യൂസഫ് എന്നിവർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇവർക്ക് ജാമ്യം അനുവദിച്ചപ്പോൾ സുഹൈലിനെതിരായ ആരോപണങ്ങൾ ഗൗരവ സ്വഭാവത്തിലുള്ളതാണെന്ന് വിലയിരുത്തി സിംഗിൾ ബെഞ്ച് ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ കേസിൽ അന്വേഷണ സംഘം കുറ്റപത്രം നൽകിയെന്നതും 65 ദിവസത്തിലേറെയായി കസ്റ്റഡിയിൽ കഴിയുകയാണെന്നും വിലയിരുത്തിയാണ് ഇപ്പോൾ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ നവംബർ 22നാണ് മൊഫിയയെ ആലുവയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടിലെ പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്‌തതാണെന്ന് കണ്ടെത്തിയതോടെയാണ് ഭർത്താവ് സുഹൈൽ, മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്ത്രീ പീഡനം, സ്ത്രീധന മരണം, ആത്മഹത്യ പ്രേരണക്കുറ്റം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.