എറണാകുളം : കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ (Models death case) ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് കണ്ടെത്തുന്നതിന് കണ്ണങ്ങാട്ട് പാലത്തിന് സമീപം കായലിൽ വീണ്ടും പരിശോധന തുടങ്ങി. കോസ്റ്റ് ഗാർഡ് സംഘത്തെ എത്തിച്ചാണ് ഇന്ന് പരിശോധന. കഴിഞ്ഞ ദിവസം ഫയർ ആൻഡ് റസ്ക്യൂ സർവീസിലെ മുങ്ങൽ വിദഗ്‌ധര്‍ ആറുമണിക്കൂർ പരിശോധന നടത്തിയെങ്കിലും ഹാർഡ് ഡിസ്‌ക് ലഭിച്ചിരുന്നില്ല.
ഇതേ തുടർന്നാണ് കോസ്റ്റ് ഗാർഡ് സംഘത്തെ എത്തിച്ചും പരിശോധന നടത്തുന്നത്. ഹോട്ടലുടമ റോയി നിർദ്ദേശിച്ചത് പ്രകാരം ഡി.വി.ആർ കണ്ണങ്ങാട്ട് പാലത്തിൽ നിന്നും കായലിൽ എറിഞ്ഞെന്ന് ഹോട്ടൽ ജീവനക്കാരായ വിഷ്‌ണു, മെൽവിൻ തുടങ്ങിയ പ്രതികൾ മൊഴി നൽകിയിരുന്നു. ഇതനുസരിച്ചാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തുന്നതിന് കായലിൽ പരിശോധന തുടരുന്നത്.
ഹോട്ടലിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത ശേഷം കാറിൽ മടങ്ങവെയായിരുന്നു മോഡലുകൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടവിവരം പുറത്തുവന്ന ഉടനെ ഹോട്ടലിലെ നിശാപാർട്ടിയുടെ ദൃശ്യങ്ങൾ ഹോട്ടലുടമ നശിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഹോട്ടലിൽ നടന്ന അനിഷ്‌ട സംഭവങ്ങളുടെ തുടർച്ചയായാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.