എറണാകുളം: അനധികൃത ഡ്രോണുകൾ പിടിച്ചെടുക്കാൻ കഴുകൻ കണ്ണുകളുള്ള മൊബൈൽ ആന്‍റി ഡ്രോൺ സംവിധാനമൊരുക്കി കേരള പൊലീസ്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ആധുനിക സംവിധാനം പൊലീസ് സേനയുടെ ഭാഗമാകുന്നത്. സർക്കാരിന്‍റേയോ, പൊലീസിന്‍റേയോ മുൻകൂർ അനുമതി വാങ്ങാതെ സംസ്ഥാനത്ത് പ്രത്യേക സ്ഥലങ്ങളിൽ പറപ്പിക്കുന്ന ഡ്രോണുകൾ കണ്ടെത്താനും നിർവീര്യമാക്കാനും വേണ്ടി കേരള പൊലീസിന്‍റെ ഡ്രോൺ ഫോറൻസിക് വിഭാഗമാണ് ആന്‍റീ ഡ്രോൺ മൊബൈൽ വെഹിക്കിളായ ഈഗിൽ ഐ തയ്യാറാക്കിയത്.
പുതിയ കാലഘട്ടത്തിൽ പ്രതീക്ഷിക്കാവുന്ന ഡ്രോൺ ആക്രമണങ്ങളേയും, അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഡ്രോണുകളേയും തടയുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ഈഗിൾ ഐ തയ്യാറാക്കിയതെന്ന് എഡിജിപി മനോജ് എബ്രഹാം ഐ.പി.എസ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു. ആയുധങ്ങളും, മയക്കുമരുന്നുകളും കടത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യം രാജ്യാതിർത്തികളിൽ കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദികളും ഡ്രോണുകൾ ഉപയോഗിക്കുന്നു.
യുദ്ധത്തിൽ ഉൾപ്പടെ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തിൽ ഭാവിയിൽ പതിനാല് ജില്ലകളിലും മൊബൈൽ ആന്‍റി ഡ്രോൺ സംവിധാനമായ ഈഗിൾ ഐ തയ്യാറാക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു. ആക്രമണങ്ങൾ ലക്ഷ്യമിടുന്നതും, അനുമതിയില്ലാതെ പ്രവർത്തിക്കുന്നതുമായ ഡ്രോണുകളെ കണ്ടെത്തി അതിനെ നിർവീര്യമാക്കി പിടിച്ചെടുക്കുകയാണ് ആന്‍റി ഡ്രോൺ സിസ്റ്റം കൊണ്ട് ഉദേശിക്കുന്നത്.
ആന്‍റി ഡ്രോൺ സിസ്റ്റത്തിന്‍റെ പ്രവർത്തനം: റഡാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആന്‍റി ഡ്രോണിന് അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ വരുന്ന ഡ്രോണുകളുടെ സ്വഭാവം നിർണയിക്കാനും നിശ്ചലമാക്കാനും കഴിയും. ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഡ്രോണിന്‍റെ എല്ലാ വിവരങ്ങളും ഈഗിൾ ഐ വാഹനത്തിലെ റഡാർ ഉപയോഗിച്ച് പിടിച്ചെടുക്കും. ആവശ്യമെങ്കിൽ ശത്രുക്കളുടെ ഡ്രോണുകൾ തകർക്കാനുള്ള റഡാർ നിയന്ത്രിത തോക്കുകളും ഈ വാഹനത്തിലുണ്ട്.