എറണാകുളം : സിപിഎമ്മിനകത്തെ വിഭാഗീയതയ്‌ക്ക് തുടക്കം കുറിച്ചത് എറണാകുളത്ത് നിന്നാണെന്നും നേതൃത്വം നൽകിയത് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണെന്നും തുറന്നടിച്ച് മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ്. ശനിയാഴ്‌ച (04.11.2023) പുറത്തിറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്‍റെ 'ഓർമച്ചെപ്പുകൾ' എന്ന ആത്മകഥയിലാണ് വിവാദ വെളിപ്പെടുത്തലുകള്‍ ഉളളത്.
ഭിന്നിപ്പ് തുടങ്ങുന്നത് ഇവിടെ :സിപിഐ, നക്‌സലൈറ്റ് ആശയഭിന്നിപ്പുകൾക്ക് ശേഷമുള്ള പാർട്ടിയിലെ വിഭാഗീയതയ്ക്ക് തുടക്കം എവിടെ നിന്നാണെന്ന് പലരും ഇപ്പോഴും ചോദിക്കാറുണ്ട്. ഒരു സംശയവും ഇല്ലാതെ തനിക്ക് പറയാൻ കഴിയും അത് എറണാകുളത്ത് നിന്നാണെന്ന്. തനിക്ക് ശേഷം ജില്ല സെക്രട്ടറിയായ എ പി വർക്കി, അക്കാലത്തെ ചില പ്രവർത്തകരെ ഉപയോഗിച്ചുകൊണ്ടായിരുന്നു അതിന് തുടക്കം കുറിച്ചത്. അക്കാലയളവിൽ വിഎസ് അച്യുതാനന്ദൻ, എ പി വർക്കിയെ വിഭാഗീയതയുണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നുവെന്നും ലോറൻസ് ആത്മകഥയില്‍ ആരോപിക്കുന്നു.
പാർട്ടി നേതൃത്വത്തിലുണ്ടായിരുന്ന മറ്റ് ചിലരെയും അതിനുവേണ്ടി അച്യുതാനന്ദൻ ഉപയോഗിച്ചിരുന്നു. ഒരിക്കൽ പാർട്ടി കോൺഗ്രസിൽ ഇകെ നായനാർ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നുവെന്നും പാർട്ടിയ്ക്കകത്ത് ചർച്ച ചെയ്ത ഇത്തരം കാര്യങ്ങൾ ഇപ്പോൾ പുറത്തുപറയുന്നത് ശരിയല്ലെന്ന് കരുതി വിശദീകരിക്കുന്നില്ലെന്നുമാണ് ആത്മകഥയിലുള്ളത്.
വിഎസ് ഊതിവീര്‍പ്പിക്കപ്പെട്ടോ? :വ്യക്തി പ്രഭാവം വർധിപ്പിക്കാൻ അച്യുതാനന്ദൻ പ്രത്യേകം സ്ക്വാഡ് പോലെ ആളുകളെ ഉപയോഗിച്ചു. അത് കമ്മ്യൂണിസ്റ്റ് സംസ്‌കാരത്തിന്‍റെ ഭാഗമല്ലെന്ന് മാത്രമല്ല സംഘടനാ തത്വങ്ങൾക്ക് വിരുദ്ധവുമാണ്. ഇവരിൽ പലരും പിന്നീട് അച്യുതാനന്ദനുമായി തെറ്റി. എന്നാല്‍ ആദ്യമായി പാർട്ടിയിൽ വിഭാഗീയതയ്ക്ക് കരുനീക്കം നടന്ന എറണാകുളം ജില്ലയിൽ ആ കനൽ മുഴുവനായി കെട്ടടങ്ങിയിട്ടില്ലെന്നും എംഎം ലോറന്‍സ് ആത്മകഥയില്‍ ആരോപിക്കുന്നുണ്ട്.
പിന്നീട് എത്രയോ നാടകങ്ങൾ നടന്നു. ഒളി ക്യാമറാക്കഥകൾ വരെ അരങ്ങേറി. സഖാക്കളുടെ ഒരുമയും സ്നേഹബന്ധങ്ങളും വിഭജിക്കപ്പെട്ടു. എറണാകുളം ജില്ല ഇന്നും ആ സ്വാധീനത്തിൽ നിന്ന് മുഴുവനായി മോചിതമായിട്ടില്ലെന്നത് പാർട്ടിയെ സ്നേഹിക്കുന്നവരുടെ ധർമസങ്കടമാണ്. കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ വിഭാഗീയ പ്രവർത്തനത്തിൽ തെറ്റിദ്ധരിക്കപ്പെട്ട് ഒട്ടനവധി ചെറുപ്പക്കാരായ സഖാക്കൾ ഭാഗഭാക്കായി. പിന്നീട് നിജസ്ഥിതിയും സത്യാവസ്ഥയും മനസിലായപ്പോൾ തെറ്റിദ്ധരിക്കപ്പെട്ടവരിൽ മിക്കവരും തന്നോടും മറ്റും നേരിൽ വന്ന് തങ്ങൾക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞുവെന്നും, തങ്ങളെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് അങ്ങനെ പ്രവർത്തിക്കാൻ ഇടയായതെന്ന് അവര്‍ വെളിപ്പെടുത്തിയെന്നും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.
വിഎസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ :വൈര നിര്യാതന ബുദ്ധിയോടെയാണ് വിഎസ് അച്യുതാനന്ദന്‍ ഇടപെട്ടിരുന്നത്. അപ്രമാദിത്തം നഷ്‌ടപ്പെട്ടാലോ എന്ന് ഭയന്നിരുന്ന വിഎസ് ഇഎംഎസിന്‍റെ സാന്നിധ്യം പോലും ഇഷ്‌ടപ്പെട്ടിരുന്നില്ലെന്നും എംഎം ലോറൻസ് ആത്മകഥയിൽ ആരോപിക്കുന്നു. തിരുവനന്തപുരത്ത് വിശ്രമത്തിലായിരുന്ന ഇഎംഎസ് എന്നും എകെജി സെന്‍ററില്‍ എത്തിയിരുന്നത് വിഎസ് അച്യുതാനന്ദനില്‍ അസ്വസ്ഥത ഉണ്ടാക്കിയിരുന്നുവെന്നും ആത്മകഥയിൽ കുറ്റപ്പെടുത്തുന്നുണ്ട്.