തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദുരന്തമാണ് ബ്രഹ്മപുരത്തുണ്ടായതെന്ന് എറണാകുളം എംഎല്‍എ ടിജെ വിനോദ്. ഇതു സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു വിനോദ്. കൊച്ചിയെ ഒരു ഗ്യാസ് ചേമ്പര്‍ ആക്കി മാറ്റിയിരിക്കുകയാണെന്നും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനങ്ങള്‍ വിഷപ്പുക ശ്വസിക്കുന്നുവെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
വീടിനുള്ളില്‍ പോലും ഇരിക്കാന്‍ കഴിയാത്ത ദുരവസ്ഥ. കൊച്ചി നഗരത്തിലെ മാലിന്യ നീക്കമാകെ നിലച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പു കേടാണ് കൊച്ചിയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. തീ അണയ്ക്കാന്‍ കഴിഞ്ഞു എന്ന ആരോഗ്യ മന്ത്രിയുടെ അവകാശവാദം തെറ്റാണ്. തീ ഇപ്പോഴും ആളിപ്പടരുകയാണ്. മാര്‍ച്ച് അഞ്ചിനുള്ളില്‍ തീ നിയന്ത്രണ വിധേയമാകും എന്നായിരുന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ അവകാശവാദം.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനു സമാനം: സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പൂര്‍ണമായി പരാജയപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനു സമാനമാണ് കൊച്ചിയിലെ സാഹചര്യം. ഇതിനു കാരണക്കാരായവര്‍ ആരെന്നു അന്വേഷിക്കണമെന്നും ടിജെ വിനോദ് ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരെ നടപടി വേണം. ആളുകള്‍ക്കു ജോലിക്കു പോകാനോ കുട്ടികള്‍ക്കു സ്‌കൂളില്‍ പോകാനോ കഴിയാത്ത അവസ്ഥയാണ് കൊച്ചിയിലും പ്രാന്ത പ്രദേശങ്ങളിലും ഉള്ളത്. ആകെയുള്ള 110 ഏക്കറില്‍ ഏകദേശം 50 ഏക്കര്‍ മാലിന്യക്കൂമ്പാരം നാലുവശത്തു നിന്നും തീഗോളം പോലെ കത്തുകയായിരുന്നു.
ഇതിനു പിന്നില്‍ ആരെന്നു കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി വേണം. സാഹിത്യകാരന്‍മാരായ എം.കെ.സാനു, ടി.പത്മനാഭന്‍ നടന്‍ മമ്മൂട്ടി എന്നിവര്‍ ജീവിതം ദുസഹമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കൊച്ചിയിലെ ഓഫിസകളും വിദ്യാലായങ്ങളും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ടൂറിസം രംഗത്തിനും ഇതു വിലയ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കയാണെന്ന് അടിയന്തിര പ്രമേയ നോട്ടീസില്‍ വിനോദ് ചൂണ്ടിക്കാട്ടി.