എറണാകുളം: കാവ്യ മാധുര്യത്തിലൂടെ കേരളീയ ഹൃദയങ്ങളെ വശീകരിച്ച എഴുത്തുകാരിയാണ് സുഗതകുമാരി ടീച്ചറെന്ന് എം.കെ സാനു മാസ്റ്റർ. സുഗതകുമാരിയുടെ ആകസ്‌മികമായ ദേഹ വിയോഗത്തിൽ എല്ലാ കേരളീയർക്കുമൊപ്പം താനും ദുഃഖമനുഭവിക്കുന്നതായി അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ അനുശോചിച്ച് എം.കെ സാനു മാസ്റ്റർ - സുഗതകുമാരിയെ കുറിച്ച് പ്രമുഖർ
ഗ്രന്ഥശാല അവാർഡ് നൽകാനെത്തിയപ്പോഴാണ് സുഗതകുമാരിയെ അവസാനമായി കണ്ടതെന്നും എം.കെ സാനു മാസ്റ്റർ
വളരെകാലം മുമ്പ് തന്നെ ടീച്ചറെ അറിയാം. നിരവധി പ്രവർത്തനങ്ങൾ ഒരുമിച്ച് നടത്തിയിരുന്നു. സുഗതകുമാരിയുടെ കവിതകളുടെ ആസ്വാദകരിലൊരാളായിരുന്നു താൻ. ഇതേ കുറിച്ച് ആസ്വാദനവും രചിച്ചിട്ടുണ്ട്. ഗ്രന്ഥശാല അവാർഡ് നൽകുന്ന വേളയിലാണ് അവസാനമായി കണ്ടത്. അവാർഡ് താൻ തന്നെ നൽകുന്നതാണ് ഇഷ്‌ടമെന്ന് അറിയിച്ചതിനെ തുടർന്നായിരുന്നു തിരുവനന്തപുരത്തെത്തി അവാർഡ് സമ്മാനിച്ചത്.
കവിയായിരിക്കെ തന്നെ ആക്‌ടിവിസ്റ്റ് കൂടിയായ അവർ നിരവധി കാരുണ്യ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകി. തിരക്കുകൾക്കിടയിലെ ഏകാന്തതയിൽ അവർ അതിമനോഹരമായ കവിതകളാണ് എഴുതിയത്. ആദ്യത്തെ കവിതയിലൂടെ തന്നെ അവരുടെ കഴിവ് തെളിയിച്ചിരുന്നു. കേരളീയരെ പ്രബുദ്ധരാക്കുന്ന പ്രവർത്തനങ്ങളിൽ കർമ്മനിരതയായതിനിടയിലാണ് വിയോഗം സംഭവിച്ചതെന്നും സാനു മാസ്റ്റർ പറഞ്ഞു.