ഉമ്മൻ ചാണ്ടിയെ അനുസ്‌മരിച്ച് എം.കെ സാനു മാസ്‌റ്റര്‍ എറണാകുളം: ഉമ്മൻ ചാണ്ടി രാഷ്ട്രീയ മാന്ത്രികനായിരുന്നുവെന്നും സാംസ്‌കാരിക പ്രവർത്തകരോട് അടുപ്പം പുലർത്തിയ കോൺഗ്രസ് നേതാവാണെന്നും മുതിർന്ന സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ എം.കെ സാനു മാസ്‌റ്റർ. കോൺഗ്രസ് നേതാവായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ജനങ്ങളോടൊപ്പം താനും അഗാധമായ ദും:ഖം അനുഭവിക്കുന്നതായും അദ്ദേഹം അറിയിച്ചു. കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥി നാളുകളിലെ പരിചയം: വിദ്യാർഥിയായിരുന്ന കാലം മുതൽ ഉമ്മൻ ചാണ്ടി തനിക്ക് പരിചിതനായിരുന്നു. മഹാരാജാസ് കോളജിൽ പഠിച്ചിരുന്ന എ.കെ ആന്‍റണി, വയലാർ രവി എന്നിവരോടൊപ്പം കെഎസ്‌യു പ്രവർത്തകൻ എന്ന നിലയിൽ പലപ്പോഴും അദ്ദേഹം കോളജിൽ വരുമായിരുന്നു. അന്നാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്നും സാനു മാസ്‌റ്റർ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയും സുഹൃത്തുക്കളും ജനാധിപത്യം, ഭാവി എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പലപ്പോഴും സാക്ഷിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.എ ജോണായിരുന്നു അവരുടെ നേതാവ്. പിന്നീട് അവർ വിദ്യാർഥി ജീവിതം കഴിഞ്ഞ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കാളിയായ ശേഷവും പലപ്പോഴും കണ്ടുമുട്ടാൻ ഇടയായിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ ധാരാളം ആളുകൾ അദേഹത്തെ വലയം ചെയ്യുന്നതായി കണ്ടിട്ടുണ്ടെന്നും എത്രയാളുകൾ വന്നാലും അവരുടെ പലതരം സ്വഭാവ വൈവിധ്യങ്ങളും വൈരുധ്യങ്ങളും കണ്ട് അവരെയെല്ലാം ഒരുമിച്ചു കൊണ്ടുപോകാനുള്ള മാന്ത്രിക ശക്തി അദ്ദേത്തിനുണ്ടായിരുന്നുവെന്നും സാനു മാസ്‌റ്റര്‍ പറഞ്ഞു. ആ ശക്തിയാണ് രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തെ വിജയിപ്പിച്ചതെന്നും സാനു മാസ്‌റ്റർ അഭിപ്രായപ്പെട്ടു.
ജനഹൃദയങ്ങള്‍ കീഴടക്കിയ മാന്ത്രികന്‍:രാഷ്ട്രീയം പ്രായോഗിക നേട്ടം കൈവരിക്കലാണെന്ന അരിസ്റ്റോട്ടിൽ സിദ്ധാന്തം ഉമ്മൻചാണ്ടി അതേപടി അംഗീകരിച്ചിരുന്നു എന്നാണ് താൻ കാണുന്നത്. കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തകർ പലപ്പോഴും സാംസ്‌കാരിക മേഖലയോട് അടുപ്പം കാണിച്ചതായി താൻ കണ്ടിട്ടില്ലെന്നും അതിൽ നിന്നും വ്യത്യസ്‌തമായി ഉമ്മൻ ചാണ്ടി സാംസ്‌കാരിക പ്രവർത്തകരെയും കോൺഗ്രസിന്‍റെ ഭാഗമാക്കണമെന്ന വീക്ഷണമാണ് പുലർത്തിയതെന്ന് സാനു മാസ്‌റ്റര്‍ അനുസ്‌മിരിച്ചു. അതുകൊണ്ടാണ് പല സംസാകാരിക പ്രവർത്തകരുടെയും പിന്തുണ അദ്ദേഹത്തിന് നിർലോഭമായി ലഭിച്ചു പോന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനപ്രീതിയുടെ മൂർധന്യത്തിലാണ് അദ്ദേഹം രോഗബാധിതനായതും ലോകത്തോട് വിടപറഞ്ഞതും. ഇത് കോൺഗ്രസിനും ജനങ്ങൾക്കും ഒരു നഷ്‌ടമാണെന്ന് താൻ കാണുന്നുവെന്നും അദ്ദേഹം അറിയിച്ചു.താൻ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയ കാലത്ത് ഉമ്മൻ ചാണ്ടിയുടെ സഭയിലെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കിയിട്ടുണ്ടെന്നും എല്ലാവരുമായും അദ്ദേഹം സൗഹൃദത്തിലായിരുന്നുവെന്നും സാനു മാസ്‌റ്റര്‍ ഓര്‍ത്തെടുത്തു.
അതേസമയം കമ്മ്യൂണിസ്‌റ്റ് ആചാര്യനും മുൻ മുഖ്യമന്ത്രിയുമായ ഇഎംഎസ് നമ്പൂതിരിപ്പാട് നേരിട്ട് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു സാഹിത്യകാരനും അധ്യാപകനുമായ എം.കെ സാനു മാസ്റ്റർ എറണാകുളം മണ്ഡലത്തിൽ നിന്നും ഇടത് സ്വതന്ത്രനായി 1987 ൽ മത്സരിച്ചത്. കോൺഗ്രസ് ശക്തികേന്ദ്രമായ എറണാകുളം മണ്ഡലത്തെ നിയമസഭയിൽ ചരിത്രത്തിലാദ്യമായി ഇടത് മുന്നണി പ്രതിനിധീകരിച്ചതും അന്നായിരുന്നു.
Also Read: Oommen Chandy | തലസ്ഥാനനഗരിയോട് വിടപറഞ്ഞ് ഉമ്മൻ ചാണ്ടി; അവസാന നോക്കുകാണാന്‍ ഒഴുകുന്നത് പതിനായിരങ്ങള്‍