കേരളം

kerala

ETV Bharat / state

'സ്വീകരിച്ചത് തിരിച്ചുതരാൻ കഴിയുന്നതിനപ്പുറം സ്നേഹം'; നന്ദിയറിയിച്ച് സാനു മാഷ് - എംകെ സാനു

താൻ സ്വീകരിച്ചത് തിരിച്ചുതരാൻ കഴിയുന്നതിന് അപ്പുറമുള്ള സ്നേഹമാണെന്ന ടാഗോറിന്‍റെ വരികൾ ഉദ്ധരിച്ചാണ് അദ്ദേഹം നന്ദിയറിയിച്ചത്

mk sanu 95th birthday  95th birthday of mk sanu  mk sanu  mk sanu master  എം.കെ സാനുമാഷ്  എം.കെ സാനു  എം കെ സാനുമാഷ്  എംകെ സാനു  സാനു
മലയാള സാഹിത്യ തറവാട്ടിലെ കാരണവർക്ക് 95 വയസ്; ആശംസകൾക്ക് നന്ദി അറിയിച്ച് എം.കെ സാനുമാഷ്

By

Published : Oct 27, 2021, 10:25 PM IST

എറണാകുളം : തന്‍റെ 95-ാം ജന്മദിനത്തിൽ ആശംസകളറിയിച്ച ഏവർക്കും നന്ദി പറഞ്ഞ് മലയാള സാഹിത്യ തറവാട്ടിലെ കാരണവർ എം.കെ സാനുമാഷ്. ഇത്രയും നാൾ ജീവിച്ചിരിക്കാൻ കഴിയുമെന്ന് കരുതിയില്ല. താൻ സ്വീകരിച്ചത് തിരിച്ചുതരാൻ കഴിയുന്നതിന് അപ്പുറമുള്ള സ്നേഹമാണെന്ന ടാഗോറിന്‍റെ വരികൾ ഉദ്ധരിച്ചാണ് അദ്ദേഹം എല്ലാവർക്കും നന്ദി പറഞ്ഞത്.

കൊവിഡ് മുക്തനായി കൊച്ചിയിലെ സന്ധ്യയെന്ന വീട്ടിൽ വിശ്രമത്തിലായതിനാൽ ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. ഫോണിൽ വിളിച്ചായിരുന്നു എല്ലാവരും പിറന്നാളാശംസകളറിയിച്ചത്.

വിവിധ തലമുറകള്‍ക്ക് അധ്യാപകൻ, നിരൂപകന്‍, വാഗ്മി, എഴുത്തുകാരന്‍, സാംസ്‌കാരിക നായകൻ തുടങ്ങിയ വിശേഷണങ്ങൾക്കെല്ലാം അർഹനായ എം.കെ സാനു, ആലപ്പുഴയിലെ മംഗലത്തുവീട്ടില്‍ എം.സി കേശവന്‍റെയും കെ.പി ഭവാനിയുടെയും മകനായാണ് ജനിച്ചത്. സ്‌കൂള്‍ അധ്യാപകനായും വിവിധ ഗവണ്‍മെന്‍റ് കോളജുകളില്‍ പ്രൊഫസറായും ഔദ്യോഗിക ജീവിതം പൂർത്തിയാക്കി.

ALSO READ: മദ്യ ഉപഭോഗം കുറഞ്ഞു,ലഹരി ഉപയോഗം കൂടി ; കണക്ക് പുറത്തുവിട്ട് എക്‌സൈസ് മന്ത്രി

കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനമുൾപ്പെടെ നിരവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. എറണാകുളത്തുനിന്നും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് എട്ടാം കേരള നിയമസഭയില്‍ അംഗമായിട്ടുണ്ട്.

ഇ.എം.എസിന്‍റെ നിർബന്ധത്തിന് വഴങ്ങിയാണ് സ്ഥാനാർഥിയായതെന്നും തന്‍റെ മേഖല സാഹിത്യവും സാംസ്കാരികവുമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് രണ്ടാം തവണ മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടും പിന്മാറിയതെന്നും സാനുമാഷ് വ്യക്തമാക്കിയിരുന്നു.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടി.

ലളിതമായ ജീവിതത്തിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും കൊച്ചിയിലെ ജനങ്ങൾക്കിടയിൽ സുപരിചിതനായ അദ്ദേഹം 95-ാം വയസിലും സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്. കൊവിഡാനന്തര വിശ്രമത്തിന് ശേഷം വേദികളിലേക്ക് അദ്ദേഹം തിരിച്ചെത്താന്‍ കാത്തിരിക്കുകയാണ് കൊച്ചിക്കാര്‍.

ABOUT THE AUTHOR

...view details