എറണാകുളം: പിഎഫ്ഐ ഹർത്താലാക്രമണവുമായി ബന്ധപ്പെട്ട് ജപ്‌തി നടപടികൾ നേരിട്ടവരുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ജപ്‌തി നടപടികളിൽ പിഴവ് സംഭവിച്ചെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. രജിസ്ട്രേഷൻ ഐജിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിഎഫ്ഐ നേതാക്കളുടെ സ്വത്ത് വകകൾ ജപ്‌തി ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്.
എന്നാല്‍, ചിലയിടത്ത് പിഴവ് സംഭവിച്ചുവെന്നാണ് സർക്കാർ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചത്. പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ വസ്‌തുവകകൾ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ജപ്‌തി ചെയ്യുവാനുള്ള നടപടികൾ പൂർത്തിയാക്കിയതെന്നും അതാണ് പിഴവ് സംഭവിക്കാൻ കാരണമെന്നും സർക്കാർ വ്യക്തമാക്കി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 18 പേരെ ജപ്‌തി നടപടികളിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.