കൊച്ചി: എറണാകുളം മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ തിങ്കളാഴ്‌ച മരിച്ച 65 വയസുകാരന് കൊവിഡ് ബാധയില്ലെന്ന് മന്ത്രി വി.എസ്.സുനിൽ കുമാർ. പരിശോധനാ ഫലം ലഭിച്ചുവെന്നും ഹൃദയാഘാതം മൂലമാണ് മരണമെന്നും മന്ത്രി പറഞ്ഞു.
ഐസൊലേഷൻ വാർഡിൽ മരിച്ചയാൾക്ക് കൊവിഡല്ലെന്ന് സ്ഥിരീകരണം - minister vs sunulkumar
പരിശോധനാ ഫലം ലഭിച്ചുവെന്നും ഹൃദയാഘാതം മൂലമാണ് മരണമെന്നും മന്ത്രി വി.എസ്.സുനിൽ കുമാർ
ലോക് ഡൗൺ അവസാനിക്കുന്ന സാഹചര്യത്തിൽ ഏതുരീതിയിൽ മുന്നോട്ടുപോകണമെന്നത് കേന്ദ്ര സർക്കാരുമായി ചേർന്നാണ് തീരുമാനമെടുക്കുക. ബുധനാഴ്‌ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളത്ത് സുരക്ഷിതമായ സാഹചര്യമാണുള്ളത്. നിരീക്ഷണ കാലാവധി പതിനാല് ദിവസമായി ചുരുക്കിയതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 700 ആയി ചുരുങ്ങി. ചികിത്സയിൽ കഴിയുന്ന ഏഴ് വിദേശ പൗരന്മാരിൽ അഞ്ച് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ഇവരെ ടൂറിസം വകുപ്പിന് കീഴിലുള്ള ബോൾഗാട്ടി പാലസിൽ താമസിപ്പിച്ചിരിക്കുകയാണ്. യാത്രാസൗകര്യം ലഭ്യമാവുന്നതോടെ ഇവരെ സ്വദേശത്തേക്ക് തിരിച്ചയക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകളിലുമായി കൊവിഡ് സെന്‍ററുകൾ ആരംഭിക്കുകയാണ്. 10,000 കിടക്കകൾ സജ്ജമാക്കാനാവശ്യമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിൽ ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കും. കൊവിഡ് സമൂഹവ്യാപനമുണ്ടായാൽ പോലും നേരിടാനാവശ്യമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തുന്നത്. നിലവിലെ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ സമൂഹവ്യാപനത്തിന് സാധ്യതയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.