എറണാകുളം:ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്‌നമെന്ന് മന്ത്രി ചോദിച്ചു. കഴിഞ്ഞ ദിവസം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ എം.കെ മുനീർ ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വിവാദ പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ മറുപടി വന്നത്.
ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് സർക്കാർ ഇറക്കിയിട്ടില്ല. മുൻ മന്ത്രിയടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണ്. കേരള സമൂഹം ഇതൊന്നും അംഗീകരിക്കില്ല. ഇവർ പറയുന്നത് ലീഗിന്‍റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രൽ യൂണിഫോമിന്‍റെ കാര്യത്തിലും മിക്‌സഡ് സ്‌കൂളുകളുടെ കാര്യത്തിലും സര്‍ക്കാര്‍ ഒരു നിര്‍ബന്ധവും ചെലുത്തുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തിൽ സ്‌കൂളുകൾക്ക് സ്വമേധയാ തീരുമാനമെടുക്കാം. എന്നാൽ പിടിഎയുടേയും തദ്ദേശഭരണ സ്ഥാപനത്തിന്‍റെയും അനുവാദം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം ഏലൂരിൽ പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങായ 'ആകാശ മിഠായി' ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം വിദ്യാഭ്യാസപരമായി വലിയൊരു വിപ്ലവത്തിലൂടെയാണ് കടന്നു പോകുന്നത്.
പൊതുവിദ്യാലയങ്ങളുടെ മുഖഛായ മാറിയതോടെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് കടന്നുവരുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെയാണ് മികച്ച നിലവാരത്തിലേക്ക് വിദ്യാലയങ്ങള്‍ ഉയര്‍ന്നതെന്നും മന്ത്രി പറഞ്ഞു. അക്കാദമിക നിലവാരം കൂടുതല്‍ ഉയര്‍ത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ലിംഗ തുല്യത, ലിംഗ നീതി, ലിംഗാവബോധം എന്നിവ മുന്‍നിര്‍ത്തി പാഠപുസ്‌തകങ്ങള്‍ ഓഡിറ്റ് ചെയ്യപ്പെടും. ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ശാസ്‌ത്രീയ ചിന്തയ്‌ക്കും പ്രാധാന്യം നല്‍കും.