കേന്ദ്ര സഹമന്ത്രി വി മുരളീധരൻ എറണാകുളം:മുഖ്യമന്ത്രി പിണറായി വിജയന്‍ നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ചത് ശരിയായ നടപടിയല്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കേന്ദ്രം വായ്‌പ വെട്ടി കുറച്ചുവെന്ന് പരാതിയുണ്ടെങ്കിൽ നീതി ആയോഗ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രിയോട് നേരിട്ട് പറയാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് അർഹമായത് കേന്ദ്രം നൽകുന്നുണ്ട്. ശ്രീലങ്കയുടെ അവസ്ഥയിലേക്ക് കേരളത്തെ എത്തിക്കാൻ കൂട്ട് നിൽക്കാൻ കേന്ദ്ര സർക്കാറിന് കഴിയില്ലെന്നും മന്ത്രി വി.മുരളീധരന്‍ പറഞ്ഞു. വായ്‌പ എടുക്കാനുള്ള പരിധി കേന്ദ്രം വെട്ടിക്കുറച്ചുവെന്നാണ് പറയുന്നത്. ഈ വായ്‌പ എന്തിന് വേണ്ടി എടുക്കുന്നുവെന്നതാണ് ആദ്യത്തെ പ്രശ്‌നം.
കെ.വി തോമസിനെ പോലുള്ളവർക്ക് വെറുതെയിരിക്കാൻ ഒരു ലക്ഷം രൂപ ഓണറേറിയം കൊടുക്കാനാണോയെന്നും സംസ്ഥാന മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് ലോകം മുഴുവൻ വിനോദ സഞ്ചാരം നടത്താനാണോയെന്നും മന്ത്രി ചോദിച്ചു. അതോ കേരളം നമ്പർ വൺ എന്ന് പറഞ്ഞ് രാജ്യം മുഴുവൻ പരസ്യം ചെയ്യാനാണോ?. എന്തിന് വേണ്ടിയാണ് വായ്‌പ എടുക്കുന്നത് എന്നതാണ് നിലവിലെ പ്രശ്‌നം.
കേരളത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള എന്തെങ്കിലും പദ്ധതികള്‍ വായ്‌പയെടുത്ത് നടപ്പിലാക്കുന്നുണ്ടോ. കാട്ടാനയും കാട്ടു പോത്തും ഇറങ്ങി ആളുകളെ കൊല്ലുകയാണ്. അതിനുള്ള പരിഹാരം ഉണ്ടാക്കാനുള്ള നടപടിയെങ്കിലും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു.
കേന്ദ്രം നൽകിയ 77 കോടി രൂപയിൽ 42 കോടി ഇപ്പോഴും ചെലവാകാതെ കിടക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാതെ മന്ത്രിമാർക്ക് ധൂർത്തടിക്കാനും വിനോദ സഞ്ചാരത്തിന് വേണ്ടി കടമെടുത്തും കേരളത്തെ കടക്കെണിയിലാക്കുന്ന സാഹചര്യം വേണോ വേണ്ടയോയെന്ന് കേരളത്തിലെ ജനങ്ങൾ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. ധനകാര്യ വകുപ്പ് മന്ത്രി ഇത്രയും കാലം പറഞ്ഞത് കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ്.
സാമ്പത്തിക പ്രതിസന്ധിയില്ലെങ്കിൽ കടം എടുക്കേണ്ട ആവശ്യമെന്താണ്. കേരളത്തിന്‍റെ ധനകാര്യ സ്ഥിതിയെന്താണെന്ന് അദ്ദേഹം ജനങ്ങളോട് പറയട്ടെ. കേരളം കടക്കെണിയിലാണെങ്കിൽ അതും വ്യക്തമാക്കട്ടെ. ഇപ്പോൾ മൂന്ന് ലക്ഷം കോടിയുടെ കടത്തിലാണ് കേരളം.
ഇതേ രീതി തുടർന്നാൽ കടം നാല് ലക്ഷം കോടി രൂപയായി മാറും. കേരളത്തിന് അർഹമായത് നൽകിയതിന്‍റെ കണക്ക് കേന്ദ്ര ധനകാര്യ മന്ത്രി പർലമെന്‍റിൽ വ്യക്തമാക്കിയതാണ്. ഇത് തെറ്റാണെങ്കിൽ പാർലമെന്‍റിനെ തെറ്റിദ്ധരിപ്പിച്ചതിൽ നടപടിയെടുക്കാമായിരുന്നു. ഇതൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അർഹമായതെല്ലാം കിട്ടുന്നുണ്ട്. നീതി ആയോഗിന്‍റെ യോഗം മുഖ്യമന്ത്രി ബഹിഷ്ക്കരിച്ചിരിക്കുകയാണ്. ഇത്ര വലിയ പ്രശ്‌നമുണ്ടങ്കിൽ അവിടെ പോയി പറയാമായിരുന്നല്ലോയെന്നും വി.മുരളീധരന്‍ പറഞ്ഞു.
നീതി ആയോഗ് യോഗവും ബഹിഷ്‌കരിച്ചു:പാര്‍ലമെന്‍റ് പുതിയ മന്ദിരത്തിന്‍റെ ഉദ്‌ഘാടന ചടങ്ങ് ബഹിഷ്‌കരണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന നീതി ആയോഗിന്‍റെ യോഗവും ബഹിഷ്‌കരിച്ച് പ്രതിപക്ഷം. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴ് മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ നിന്ന് വിട്ടു നിന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെസിആര്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ സിങ് എന്നിവരാണ് നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ചത്.