എറണാകുളം: ഒളിമ്പിക്‌സ് ഹോക്കിയിൽ മെഡൽ കരസ്ഥമാക്കി കേരളത്തിന്‍റെ അഭിമാനമായ ഒളിമ്പ്യൻ പി.ആർ.ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി.രാജീവ്. വീട്ടിലെത്തിയാണ് മന്ത്രി ഓണസമ്മാനം ശ്രീജേഷിന് കൈമാറിയത്. തന്‍റെ കൈയ്യൊപ്പോടു കൂടിയ ഹോക്കി സ്റ്റിക്ക് ശ്രീജേഷ് മന്ത്രിക്കും നൽകി. മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റെയും ഓണാശംസകൾ മന്ത്രി ശ്രീജേഷിനെ അറിയിച്ചു.
തനിക്ക് ലഭിച്ച ഏറ്റവും വലിയ ഓണസമ്മാനമാണിതെന്ന് ശ്രീജേഷ് പ്രതികരിച്ചു. വലിയ അഭിമാനമാണ് മന്ത്രി വീട്ടിലെത്തിയപ്പോഴും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് തന്നെ വിളിച്ചപ്പോഴും തോന്നിയതെന്നും ശ്രീജേഷ് പറഞ്ഞു. കൂടെയുണ്ടായിരുന്ന പി.വി. ശ്രീനിജിൻ എംഎൽഎയ്ക്കും ശ്രീജേഷ് ഹോക്കി സ്റ്റിക്ക് സമ്മാനമായി നൽകി. ഹാൻഡി ക്രാഫ്റ്റ്സ് ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ കോടി മുണ്ടും കഥകളി രൂപവുമാണ് മന്ത്രി സമ്മാനമായി ശ്രീജേഷിന് നൽകിയത്.