എറണാകുളം : കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദി പിഡബ്ല്യുഡി അല്ലെന്നും പിഡബ്ല്യുഡിക്ക് നിർമാണ ജോലി മാത്രമേ നോക്കാനാകൂവെന്നും കൊച്ചിയിൽ ഗതാഗതക്കുരുക്ക് പുതിയ സംഭവമല്ലെന്നും കുണ്ടന്നൂരിലെ റോഡുകൾ സന്ദർശിച്ചതിനുശേഷം മന്ത്രി ജി സുധാകരൻ പറഞ്ഞു.
കഴിഞ്ഞദിവസവും റോഡിന്‍റെ ശോചനീയാവസ്ഥ കാരണം മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയും സംഘവും കുണ്ടന്നൂരിൽ പരിശോധനയ്ക്കായി എത്തിയത്. എൻജിനീയർമാർക്ക് റോഡ് പണി നടത്തുവാൻ മാത്രമേ കഴിയുകയുള്ളൂ. ഇവിടുത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്വമാണ്. മണിക്കൂറുകളോളം കുരുക്ക് നേരിടുന്ന കൊച്ചിയിലെ ഗതാഗതസംവിധാനം പരിഷ്‌കരിക്കണമെന്നും നിലവിലെ സാഹചര്യത്തിൽ ടാറിങ് നടത്താൻ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു.
കൊച്ചിയിലെ ഗതാഗതക്കുരുക്ക്; മന്ത്രി കൈയൊഴിഞ്ഞു കുണ്ടന്നൂരിലെ റോഡുകൾ ശരിയാക്കുന്നതിനായി ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. മോശമായ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. മെട്രോയുടെ നിർമ്മാണ വേളയിൽ കൊച്ചിയിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് ഉണ്ടായിട്ടുണ്ട്. അതിനാൽ രണ്ടു ഫ്ലൈ ഓവറുകളുടെ പണി ഒരേ സമയത്ത് നടക്കുമ്പോൾ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകും. ബോധപൂർവം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനായി ചില ആളുകൾ ഇറങ്ങിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം പാലം പണിയുന്നതിന്‍റെ ഭാഗമായി ടോൾ പിരിക്കുന്നത് ശരിയല്ലെന്നും പൂർണമായും സംസ്ഥാന സർക്കാരിന്‍റെ പണമുപയോഗിച്ച് പാലം പണിയുന്നതിനാൽ ടോൾ പിരിക്കുന്നതിന്‍റെ ആവശ്യകത ഇല്ലെന്നും 2020 മാർച്ച് മാസത്തോടെ പാലത്തിന്‍റെ നിർമ്മാണജോലികൾ പൂർത്തീകരിക്കുമെന്നും കുണ്ടന്നൂരിലെ റോഡുകൾ സന്ദർശിച്ചതിനു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.