കേരളം

kerala

By

Published : Mar 10, 2023, 10:57 PM IST

ETV Bharat / state

ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടിത്തം: ആവര്‍ത്തിക്കാതിരിക്കാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഏഴിന കര്‍മ്മ പദ്ധതികള്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഏഴിന കര്‍മ്മ പദ്ധതികള്‍ അവലോകന യോഗത്തില്‍ ആസൂത്രണം ചെയ്‌തതായറിയിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്

Minister MB Rajesh about Brahmapuram Waste plant  Minister MB Rajesh  future plans in Brahmapuram Waste plant  Brahmapuram Waste plant  MB Rajesh  ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടിത്തം  ആവര്‍ത്തിക്കാതിരിക്കാന്‍ ഏഴിന കര്‍മ്മ പദ്ധതികള്‍  കര്‍മ്മ പദ്ധതികള്‍  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്  അവലോകന യോഗം  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി  മന്ത്രി  രാജേഷ്  മാലിന്യ സംസ്ക്കരണത്തിലെ ഭാവി  ഉറവിട മാലിന്യ സംസ്‌കരണം  മാലിന്യം
ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഏഴിന കര്‍മ്മ പദ്ധതികള്‍

മന്ത്രി എം.ബി.രാജേഷ് പ്രതികരിക്കുന്നു

എറണാകുളം: ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. കൊച്ചിയെ ശുചിത്വ നഗരമാക്കാനുള്ള ഉറവിട മാലിന്യ സംസ്‌കരണത്തിൽ ഊന്നിയുള്ള പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവും മാലിന്യ സംസ്ക്കരണത്തിലെ ഭാവി പരിപാടികളും ചർച്ച ചെയ്‌ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകകയായിരുന്നു അദ്ദേഹം.

കര്‍മപദ്ധതിയും കര്‍മസേനയും തയ്യാര്‍: ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി കർമ്മ പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. നാളെ മുതൽ 88 ദിവസം നീണ്ടുനില്‍ക്കുന്ന ഏഴിന കര്‍മ്മ പദ്ധതിയാണ് ആസൂത്രണം ചെയ്‌ത്. കോടതി ഉത്തരവിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സമയക്രമം നിശ്ചയിച്ചത്. ബ്രഹ്മപുരം പ്ലാന്‍റിലേക്ക് മാലിന്യമെത്തുന്നത് കുറക്കുകയാണ് ലക്ഷ്യമെന്നും ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുകയെന്നതാണ് പദ്ധതിയുടെ അടിസ്ഥാന സമീപനമെന്നും മന്ത്രി വ്യക്തമാക്കി. അജൈവ മാലിന്യത്തിന്‍റെ വാതിൽ പടി ശേഖരണം നൂറുശതമാനം ഉറപ്പാക്കും. ഹരിത കർമ്മസേന വഴിയായിരിക്കും ഇത് നടപ്പാക്കുക. ഏപ്രിൽ ഒന്നു മുതലാണ് വാതിൽ പടി ശേഖരണം തുടങ്ങുകയെന്നും മന്ത്രി അറിയിച്ചു.

പദ്ധതികള്‍ ഏറെയുണ്ട്:ബ്രഹ്മപുരം പ്ലാന്‍റിലേക്ക് പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്‌താൽ ജൈവ മാലിന്യങ്ങൾ മാത്രമായിരിക്കും ബ്രഹ്മപുരത്ത് എത്തിക്കുക. മാര്‍ച്ച് 11ന് ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ ശക്തമായി നടപ്പാക്കാനാണ് തീരുമാനം. വീഴ്‌ച വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉറവിട മാലിന്യ സംസ്‌കരണത്തിന് ഏപ്രില്‍ 10നകം ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഇതിന് വേണ്ട സംവിധാനം ഏര്‍പ്പെടുത്തണം. തിങ്കളാഴ്‌ച മുതൽ ഇതിനുള്ള നിർദേശം നൽകും. ഇത് നടപ്പാക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ ചട്ടപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു. ഫ്‌ളാറ്റുകളിലും ഗേറ്റഡ് കോളനികളിലും ഉള്‍പ്പടെ പദ്ധതി നടപ്പാക്കും. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ഇതിനായി വിജിലന്‍സ് പരിശോധനയും ജനകീയ ഓഡിറ്റിങ്ങും ഉള്‍പ്പടെയുള്ള സംവിധാനങ്ങളും നടപ്പാക്കും. ഫ്ലാറ്റുകളിൽ ദ്രവമാലിന്യ സംസ്‌കരണ സംവിധാനം പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തും. ഇല്ലാത്ത സ്ഥലങ്ങളിൽ ജൂൺ 30 നകം നടപ്പിലാക്കണമെന്നാണ് നിർദേശം. പൊതു സ്ഥലങ്ങൾ മാലിന്യമുക്തമാക്കുന്നതിനുള്ള കാമ്പയിൻ മെയ് ഒന്നു മുതൽ 10 വരെ നടത്തുമെന്നും അതിന് മുമ്പ് ഹോട്ട്സ്പോട്ട് നിർണ്ണയിച്ചായിരിക്കും പ്രവർത്തനം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

മാലിന്യസംസ്‌കരണം എന്ന കടമ്പ കടക്കാന്‍:ഉറവിട മാലിന്യ സംസ്‌കരണം, വാതില്‍പ്പടി സേവനം, മാലിന്യങ്ങളുടെ സംഭരണവും നിര്‍മാര്‍ജനവും, ശുചിമുറി മാലിന്യ സംസ്‌കരണം, പൊതുസ്ഥലത്ത് നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങിയവയാണ് കര്‍മ്മ പദ്ധതിയിലുള്ളത്. പ്രവർത്തന പുരോഗതികള്‍ വിലയിരുത്തുന്നതും നടപടികള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും വാര്‍ റൂമുകൾ നാളെ മുതൽ പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു. കലക്‌ടറേറ്റില്‍ ജില്ലാതല വാര്‍ റൂമും അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രാദേശിക വാര്‍ റൂമും തയാറാക്കും. പൊതു സ്ഥലങ്ങളിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഹരിത കര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, റസിഡന്‍റ് അസോസിയേഷനുകള്‍, യുവജന ക്ലബുകള്‍, എന്നിവയുമായി സഹകരിച്ചാകും പ്രവര്‍ത്തനങ്ങള്‍. ഒരോ വാര്‍ഡുകളിലും 50 വോളന്‍റിയര്‍മാര്‍ വീതമുള്ള രണ്ട് ക്ലസ്‌റ്ററുകള്‍ രൂപീകരിക്കും. ഇതോടൊപ്പം മഴക്കാല പൂര്‍വ്വ ശുചീകരണവും ശക്തമാക്കും. പ്രധാന കേന്ദ്രങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. ഇവ ദിവസേന വൃത്തിയാക്കുന്നതിനായി ഹരിത കര്‍മ സേനയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

മാലിന്യം സംഭരിക്കുന്നതിനുള്ള മെറ്റീരിയല്‍ കളക്ഷന്‍ സെന്‍ററുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ മാര്‍ച്ച് 31നകം സ്ഥാപിക്കണം. മാലിന്യങ്ങള്‍ അളക്കുന്നതിനുള്ള ത്രാസ്, തരം തിരിച്ച് കയറ്റി വിടുന്ന മാലിന്യത്തിന്‍റെ കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നതിനായി വേസ്‌റ്റ് മാനേജ്‌മെന്‍റ് സിസ്‌റ്റം എന്നിവ സജ്ജമായിരിക്കണം. ഹരിത കര്‍മസേനക്ക് യൂസര്‍ഫീ നല്‍കുന്നത് നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. യൂസർ ഫീയിൽ കുടിശിക വന്നാല്‍ വസ്‌തു നികുതിയോടൊപ്പം പിരിച്ചെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമെന്നും ശുചിമുറി മാലിന്യ സംസ്‌കരണം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുമെന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ പുറത്തു തള്ളുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതികള്‍ കുറ്റമറ്റതാക്കാന്‍ നിരീക്ഷണവും: മാലിന്യ സംസ്‌കരണ പ്ലാന്‍റില്‍ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഇത്തരം മാലിന്യങ്ങള്‍ ശേഖരിക്കുന്ന ലോറികളില്‍ ജിപിഎസ് സംവിധാനം ഒരുക്കും. തിരുവനന്തപുരത്ത് പരീക്ഷിച്ച് വിജയം കണ്ട സംവിധാനമാണിത്. കര്‍മ്മ പദ്ധതിയുടെ പുരോഗതി കൃത്യമായ ഇടവേളകളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ കൗണ്‍സില്‍ യോഗങ്ങള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്‌ത ശേഷം സെക്രട്ടറി മുഖേന ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും ഇതിനായി എന്‍ഫോഴ്‌സ്‌മെന്‍റ് പ്രവര്‍ത്തനങ്ങളും നടത്തണമെന്നും മന്ത്രി പറഞ്ഞു. കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് ബോധവത്‌ക്കരണം നടത്തും, ഒരു വർഷം കൊണ്ട് നടപ്പാക്കേണ്ട പദ്ധതി മൂന്ന് മാസം കൊണ്ടാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തവും മാലിന്യ സംസ്ക്കരണത്തിലെ ഭാവി പരിപാടികളും ആലോചിക്കുന്നതിനായി മന്ത്രിമാരായ പി.രാജീവ്, എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ പ്രതിപക്ഷ നേതാവ്, എംപിമാർ,എംഎൽഎമാർ, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാർ എന്നിവർ കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details