എറണാകുളം: സംസ്ഥാനത്തെ മുഴുവന്‍ ബസുകളിലും ഈ മാസം 28നകം അകത്തും മുൻ ഭാഗത്തും നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പരിഹാര നടപടികൾ ചർച്ച ചെയ്യാനായി കൊച്ചിയിൽ ചേർന്ന പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച സ്വകാര്യ ബസ് ഇടിച്ച് ഒരു ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടുകയും കർശനമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ആ സാഹചര്യത്തിലാണ് മന്ത്രി അടിയന്തര യോഗം ചേര്‍ന്നത്.
യോഗത്തിലെ പുതിയ തീരുമാനങ്ങള്‍:സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസുകളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കാനാവശ്യമായ ചെലവിന്‍റെ പകുതി കേരള റോഡ് സുരക്ഷ അതോറിറ്റി വഹിക്കുമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കെഎസ്‌ആര്‍ടിസി ബസുകൾക്ക് കാമറ സ്ഥാപിക്കുന്നതിന് ആവശ്യമായ മുഴുവൻ ചെലവും അതോറിറ്റി വഹിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഓരോ ബസുകളും നിയമപരമായാണ് സർവീസ് നടത്തുന്നതെന്ന് പരിശോധിക്കാൻ നിരീക്ഷണ ചുമതല മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകുമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു.
മാർച്ച് ഒന്നിനകം ബസ് ഡ്രൈവറുടെയും കണ്ടക്‌ടറുടെയും ലൈസൻസ് കോപ്പി ബസുകളിൽ പ്രദർശിപ്പിക്കണം. നിയമ വിരുദ്ധമായി സർവീസ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ യാത്രക്കാർക്ക് ബന്ധപ്പെട്ട ആർടിഒ ഉദ്യോഗസ്ഥനെ വിവരം അറിയിക്കാനുമുള്ള നമ്പർ ഒരോ ബസിലും പതിക്കും. ഡ്രൈവർമാരുടെ വിവരങ്ങൾ ഡ്രൈവിങ് ലൈസൻസ് ഉൾപ്പടെ ഉടമകൾ ബന്ധപ്പെട്ട ആർടിഒ ഓഫിസിൽ മുൻകൂട്ടി അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കാൻ ക്ലസ്റ്ററുകൾ രൂപീകരിച്ച് വരുമാനം പങ്കുവയ്ക്കണമെന്ന നിർദേശം മുന്നോട്ട് വച്ചിട്ടുണ്ടെന്നും ഇതിനായി തീരുമാനമെടുക്കാൻ തൊഴിലാളി സംഘടനകളെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യം പരിശോധിക്കാമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബസ് ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും ആറ് മാസത്തിലൊരിക്കൽ റോഡ് സുരക്ഷ പരിശീലനം നൽകും.