എറണാകുളം : മലയാളികൾക്ക് മഹേഷ് കുഞ്ഞുമോൻ ഏറെ സുപരിചിതനാണ്. എണ്ണിയാലൊടുങ്ങാത്ത സിനിമാതാരങ്ങളുടെയും രാഷ്‌ട്രീയ നേതാക്കളുടെയും ശബ്‌ദം തന്‍റെ തൊണ്ടയില്‍ ഒളിപ്പിച്ച മഹേഷ് കുഞ്ഞുമോൻ അനുകരണ കലയിലെ അത്ഭുതം തന്നെയാണ്. എന്നാൽ പ്രശസ്‌തിയുടെ കൊടുമുടിയിൽ നിൽക്കവെയാണ് ഒരു കാറപകടം മഹേഷിന്‍റെ സ്വപ്‌നങ്ങൾക്കാകെ കരിനിഴൽ വീഴ്‌ത്തിയത് (Mahesh Kunjumon car accident).
മിമിക്രി കലാകാരന്മാരായ സുധി കൊല്ലം, ബിനു അടിമാലി എന്നിവർക്കൊപ്പം മഹേഷും യാത്ര ചെയ്‌ത കാറാണ് ഇക്കഴിഞ്ഞയിടെ അപകടത്തിൽപ്പെട്ടത്. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ ഈ അപകടത്തിൽ ബിനു അടിമാലിക്കും മഹേഷിനും ഗുരുതരമായി പരിക്കേറ്റു (Mimicry Artist Mahesh Kunjumon Returns).
അപകടത്തിനുശേഷം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ കുഞ്ഞുമോന്‍റെ രൂപം തെല്ലൊന്നുമല്ല മലയാളികളെ സങ്കടത്തിലാഴ്‌ത്തിയത്. പല്ലുകൾ നഷ്‌ടപ്പെട്ട, പരിക്കുകൾ പ്രകടമായ മുഖം ഏവരെയും ആശങ്കയിലാക്കി. എന്നാൽ ഇന്നിതാ തന്‍റെ സ്വപ്‌നങ്ങൾ തേടിയുള്ള ശക്തമായ തിരിച്ചുവരവിന്‍റെ പാതയിലാണ് മഹേഷ്. പഴയ ഭാവങ്ങളും ശബ്‌ദങ്ങളും മഹേഷിന് ഇനി സാധ്യമാകുമോ എന്ന് കരുതിയവർക്ക് മറുപടി നൽകുകയാണ് ഈ കലാകാരൻ.
ലോക്ക്‌ഡൗൺ കാലയളവിലാണ് താരങ്ങളുടെ ശബ്‌ദം അനുകരിച്ച് മഹേഷ് കുഞ്ഞുമോൻ സോഷ്യൽ മീഡിയയുടെ കണ്ണിലുടക്കുന്നത്. കണ്ടുപരിചയിച്ച പരമ്പരാഗത മിമിക്രി അവതരണത്തിൽ നിന്നും മാറി താരങ്ങളുടെ ശബ്‌ദം കൃത്യതയോടെ അവതരിപ്പിക്കാൻ മഹേഷ് കുഞ്ഞുമോനായി. പിന്നാലെ നിരവധി സ്റ്റേജ് പരിപാടികളും സിനിമയിലെ അവസരങ്ങളും കുഞ്ഞുമോനെ തേടിയെത്തി. ഇതിനിടെ ആയിരുന്നു അപകടം.
സാമൂഹ്യ- രാഷ്ട്രീയ കലാ രംഗങ്ങളിലെ നിരവധി പ്രമുഖർ അപകടത്തിന് ശേഷം മഹേഷ് കുഞ്ഞുമോനെ കാണാൻ വീട്ടിൽ എത്തിയിരുന്നു. എംഎൽഎ ഗണേഷ് കുമാറും ഗോകുലം ഗോപാലനും വാഗ്‌ദാനം ചെയ്‌ത സഹായങ്ങളെല്ലാം തനിക്ക് ലഭിച്ചിരുന്നുവെന്നും മഹേഷ് കുഞ്ഞുമോൻ പറഞ്ഞു.