എറണാകുളം:'അനേക', മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന് കലോത്സവത്തെ ഇതിനോടകം തന്നെ ഹൃദ്യമായാണ് കൊച്ചി നഗരം സ്വീകരിച്ചിരിക്കുന്നത്. മഹാരാജാസ് കോളജ്, ഗവ.ലോ കോളജ്, മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ എന്നിങ്ങനെയുള്ള എട്ട് വേദികളിലായി നടക്കുന്ന മത്സരങ്ങളിലായി നിരവധി കലാപ്രതിഭകളാണ് തങ്ങളുടെ പ്രകടനമികവ് കൊണ്ട് കാഴ്ചക്കാരെ ആനന്ദത്തില്‍ ആഴ്ത്തിയത്. ഈ കൂട്ടത്തില്‍ ട്രാന്‍സ് ജന്‍ഡര്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നുണ്ട്.
എംജി യൂണിവേഴ്സിറ്റി കലോത്സവം അനേകയില് സജീവ സാന്നിധ്യമായി തന്നെയാണ് അവരും പങ്കെടുക്കുന്നത്. നിലവില്‍ ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഭരതനാട്യം എന്നീ മൂന്നിനങ്ങളില്‍ മാത്രമാണ് ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തിനായി പ്രത്യേകം മത്സരങ്ങളുള്ളത്. എന്നാല്‍, കൂടുതല്‍ മത്സര ഇനങ്ങള്‍ തങ്ങള്‍ക്കായും വേണമെന്നാണ് ഇവരുടെ ആവശ്യം.
കേരളത്തില്‍ ട്രാന്‍സ് സമൂഹത്തോടുള്ള സമീപനത്തില്‍ ഏറെ പുരോഗമനപരമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഭാഗത്തില്‍പ്പെടുന്ന ആരെങ്കിലും തെറ്റ് ചെയ്താല്‍ എല്ലാവരേയും കുറ്റക്കാരായി കാണുന്ന മനോഭാവം മാറണമെന്നുമാണ് എറണാകുളം മഹാരാജാസ് കോളജിലെ ബി എ അവസാന വര്‍ഷ വിദ്യാര്‍ഥിയും ഭരതനാട്യം മത്സരാര്‍ഥിയുമായ ഋതുവിന്റെ അഭിപ്രായം. വരുന്ന തലമുറയില്‍ ട്രാന്‍സ് സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണ് താന്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയതെന്ന് തൃപ്പൂണിത്തുറ ആര് എല്‍ വി സംഗീത കോളജിലെ വിദ്യാര്‍ഥി താന്വി പറഞ്ഞു.
കലോത്സവത്തില്‍ മൂന്ന് ഇനങ്ങളിലാണ് താന്വി മത്സരിക്കുന്നത്. കലോത്സവങ്ങളില്‍ ട്രാന്‍സ് വിഭാഗത്തിനായി കൂടുതല്‍ ഇനങ്ങളില്‍ മത്സരം ഏര്‍പ്പെടുത്തണം. ഇങ്ങനെ ചെയ്താല്‍ കലോത്സവ വേദികളില്‍ ട്രാന്‍സ് ജന്‍ഡര്‍ വിദ്യാര്‍ഥികളുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സാധിക്കും.