എറണാകുളം: മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്താന്‍ മേഘന രാജ്. ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ കന്നഡയില്‍ റിലീസ് ചെയ്‌ത സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം 'തത്സമ തദ്ഭവ' (Tatsama Tadbhava) മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്‌തുകൊണ്ടാണ് പ്രേക്ഷകഹൃദയം കീഴടക്കാന്‍ മേഘന വീണ്ടുമെത്തുന്നത്. വിശാല്‍ ആത്രേയ സംവിധാനം ചെയ്‌ത കന്നഡ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലയാളത്തിലും സിനിമ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. 'ഇന്‍സ്പെക്ടര്‍ വിക്രം' എന്ന ചിത്രത്തിലൂടെ പ്രമുഖനായ പ്രജ്വല്‍ ദേവരാജാണ് (Prajwal Devaraj) നായകൻ.
ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് ശേഷം താന്‍ വലിയ ട്രോമയിലൂടെയാണ് കടന്നുപോയതെന്ന് മേഘന പറഞ്ഞു. 2020ലാണ് മേഘനയുടെ ഭര്‍ത്താവും ചലച്ചിത്ര താരവുമായിരുന്ന ചിരഞ്ജീവി സര്‍ജ ഹൃദയാഘാതം മൂലം മരിക്കുന്നത്. 'ജീവിതത്തിൽ ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് യാതൊരു നിശ്ചയവും ഇല്ലായിരുന്നു. ചിത്രത്തിന്‍റെ നിർമ്മാതാവായ പന്നഗ ഭരണയും നായകൻ പ്രജ്വലും വളരെ അടുത്ത കുടുംബ സുഹൃത്തുക്കൾ ആണ്. ബാല്യകാല സുഹൃത്ത് കൂടിയാണ് നായകൻ പ്രജ്വൽ.
ചിരഞ്ജീവി സർജ മരിക്കും മുമ്പ് മൂവരും ചേർന്ന് ഒരു സിനിമ പ്ലാൻ ചെയ്‌തിരുന്നു. നിർഭാഗ്യവശാൽ ആ സിനിമ നടക്കാതെ പോയി. തത്സമ തദ്ഭവയുടെ നിർമ്മാതാവ് പന്നഗയാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യാൻ ആവശ്യപ്പെടുന്നത്. മേഘനരാജ് എന്ന പേര് ഫിലിം ഇൻഡസ്ട്രിയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം മലയാള സിനിമയാണ്. കേരളത്തിലെ ജനങ്ങൾ ഇപ്പോഴും ഞാൻ ഒരു മലയാളിയാണെന്ന് വിശ്വസിക്കുന്നു. ഞാൻ മലയാള സിനിമയിൽ കൈകാര്യം ചെയ്‌ത കഥാപാത്രങ്ങളുടെ ഗുണനിലവാരമാണ് അതിനു കാരണം.