കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്‌ടപരിഹാരം നിർണയിക്കുന്നതിനുള്ള കമ്മിറ്റിയുടെ രണ്ടാമത്തെ സിറ്റിങ് ഇന്ന് ചേരും. ജസ്റ്റിസ് കെ ബാലകൃഷ്‌ണൻ നായർ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. മരട് ഫ്ലാറ്റ് ഉടമകൾക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ മൂന്നംഗ സമിതി ആദ്യത്ത സിറ്റിങ്ങിന് ശേഷം കൂടുതൽ സമയം അനുവദിച്ചിരുന്നു. ഒരാഴ്‌ചയ്ക്കകം രേഖകൾ ഹാജരാക്കാനാണ് ഇവർക്ക് നിർദേശം. യഥാർഥ വില കാണിച്ച് സത്യവാങ്മൂലം നൽകണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ സമിതി അംഗങ്ങളായ മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെഎസ്ആർഎയിലെ എഞ്ചിനിയര്‍ ആർ മുരുകേശൻ എന്നിവരും പങ്കെടുക്കും.
മരട് ഫ്ലാറ്റ്; നഷ്‌ടപരിഹാര തുക നിർണയിക്കാനുള്ള യോഗം ഇന്ന് - ഫ്ലാറ്റ് ഉടമകൾ
ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പരിസരങ്ങളിലുള്ളവരുടെ ആശങ്ക അകറ്റുന്നതിനായി ഇന്ന് ചേരാനിരുന്ന യോഗം മാറ്റിവെച്ചു
അതേസമയം ആൽഫ സെറിൻ, ജെയിൻ കോറൽ കോവ് എന്നീ ഫ്ലാറ്റുകളുടെ പരിസരങ്ങളിലുള്ളവരുടെ ആശങ്ക അകറ്റുന്നതിനായി ഇന്ന് നടത്താനിരുന്ന യോഗം മാറ്റിവെച്ചു. പത്തംഗ സാങ്കേതിക വിദഗ്‌ധരും അഡീഷണൽ ചീഫ് സെക്രട്ടറിയും ഇന്ന് കൊച്ചിയിൽ എത്തുന്നതിനാലാണ് യോഗം മാറ്റിയിരിക്കുന്നത്. ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് പരിസരവാസികളുടെ ആശങ്കകൾ ഇന്നലെ ചേർന്ന യോഗത്തിൽ പങ്കുവെച്ചിരുന്നു. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ എത്ര ദൂരത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ആളുകളെ എങ്ങനെ പുനരധിവസിപ്പിക്കുമെന്നും തുടങ്ങിയ കാര്യങ്ങൾ സബ്‌കലക്‌ടർ സ്നേഹിൽ കുമാർ സിംഗ് യോഗത്തിൽ വിശദീകരിച്ചിരുന്നു. ഹോളി ഫെയ്ത്ത്, എച്ച്ടുഒ പരിസരവാസികൾക്കായി സംഘടിപ്പിച്ച ആദ്യ യോഗത്തിലാണ് സബ്‌കലക്‌ടർ കാര്യങ്ങൾ വിശദീകരിച്ചത്.