എറണാകുളം: ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായ മീനാക്ഷി തമ്പി മൂവാറ്റുപുഴയിൽ താരമാകുന്നു. മൂവാറ്റുപുഴ നഗരസഭ ഇരുപതാം വാർഡിലാണ് എൽഡിഎഫ് സ്ഥാനാർഥിയായി മീനാക്ഷി മത്സരിക്കുന്നത്. കഴിഞ്ഞ തവണ തന്‍റെ പിതാവ് തമ്പി മത്സരിച്ച് പരാജയപ്പെട്ട വാർഡ് തിരിച്ചുപിടിക്കുകയെന്ന ചുമതലയാണ് മീനാക്ഷി എന്ന കൊച്ചുമിടുക്കിയെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്.
മൂവാറ്റുപുഴയിൽ മീനാക്ഷി തമ്പിയുടെ കന്നിയങ്കം - muvattupuzha municipality candidate
മുവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 20-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് മീനാക്ഷി തമ്പി
കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് കോളജിൽ നിന്ന് ബി.എസ്.സിയിൽ ബിരുദം നേടിയ മീനാക്ഷി എൽഎൽബിക്ക് ചേരുന്നതിനുള്ള തയ്യാറെടുപ്പിനിടയിലാണ് നഗരസഭാ സ്ഥാനാർഥിയായത്. മൂന്നു വർഷക്കാലം തുടർച്ചയായി എം.ജി സർവകലാശാല കലോത്സവത്തിൽ കുച്ചിപ്പുടി, ഭരതനാട്യം എന്നിവയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ മീനാക്ഷി മികച്ച പ്രാസംഗിക കൂടിയാണ്. നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. സിപിഎം അംഗമായ മീനാക്ഷി എസ്എഫ്ഐ ജില്ലാ കമ്മിറ്റി, ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടേറിയറ്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. പിതാവ് തമ്പി മൂവാറ്റുപുഴയിലെ അറിയപ്പെടുന്ന ആധാരം എഴുത്തുകാരനും സിപിഎം പ്രവർത്തകനുമാണ്. ഗ്യാസ് ഏജൻസി സ്റ്റാഫാണ് അമ്മ ജിജി. സഹോദരൻ ബാലഭാസ്‌കർ പ്ലസ്‌ടുവിന് പഠിക്കുന്നു.
വാർഡിലെ മുഴുവൻ വോട്ടർമാരെയും നേരിട്ട് കണ്ടുള്ള മീനാക്ഷിയുടെ ആദ്യവട്ട വോട്ടഭ്യർഥന പൂർത്തിയായി. വനിതകൾ മത്സരിക്കുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്ന വാർഡിതാണിത്. എന്നാൽ രാഷ്‌ട്രീയത്തിൽ പ്രായം കുറഞ്ഞ സ്ഥാനാർഥിയാണെന്ന പരിഗണനയില്ലെന്നും ആശയങ്ങൾ തമ്മിലാണ് പോരാട്ടമെന്നും എതിർ സ്ഥാനാർഥികൾ പറയുന്നു. അവരാൽ കഴിയുന്ന വോട്ടുകൾ ശേഖരിക്കാനുള്ള ഓട്ടത്തിലാണ് യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ.