എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഏഴു വയസുള്ള കുട്ടിക്ക് മരുന്ന് മാറി കുത്തിവച്ചതായി പരാതി. പനിയെ തുടർന്ന് ചികിത്സ തേടിയെത്തിയ കുട്ടിക്കാണ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പേവിഷ ബാധയ്‌ക്കുള്ള മരുന്ന് കുത്തിവച്ചത്. കുട്ടി നിലവിൽ നിരീക്ഷണത്തിലാണ്.
പനിയെ തുടർന്നാണ് അങ്കമാലി സ്വദേശിയായ അഞ്ജലി മകളെയും കൂട്ടി ആശുപത്രിയിൽ എത്തിയത്. തുടര്‍ന്ന് കുട്ടിയെ അത്യാഹിത വിഭാഗത്തിന് സമീപം ഇരുത്തി ഒപി ടിക്കറ്റ് എടുക്കാൻ പോയി. ഈ സമയത്താണ് നഴ്‌സെത്തി കുട്ടിക്ക് കുത്തിവെപ്പ് നൽകിയത്.
അമ്മ തിരിച്ച് എത്തിയതോടെ കുത്തിവെപ്പ് എടുത്ത കാര്യം കുട്ടി അമ്മയെ അറിയിച്ചു. പിന്നാലെ ഇതേ കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി നൽകാൻ നഴ്‌സ് തയ്യാറായില്ല. അതേസമയം പൂച്ചമാന്തിയെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവെച്ചതെന്ന വിചിത്ര വാദമാണ് ആരോപണ വിധേയയായ നഴ്‌സ് ഉന്നയിച്ചത്. മരുന്ന് മാറി കുത്തിവെച്ചതിനെ തുടർന്ന് കുട്ടി നിരീക്ഷണത്തിലാണ്.
ഡോക്‌ടറുടെ കുറിപ്പോ രക്ഷിതാക്കളുടെ സാന്നിധ്യമോ ഇല്ലാതെ കുട്ടിക്ക് തെറ്റായ കുത്തിവെപ്പ് നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അന്വേഷണം നടത്തി നടപടി എടുക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. പൂച്ചയുടെ കടിയേറ്റ് എത്തിയ മറ്റൊരു കുട്ടിക്ക് നൽകേണ്ട ഇഞ്ചക്ഷൻ ഈ കുട്ടിക്ക് മാറി നൽകിയതാവാം എന്നാണ് സംശയിക്കുന്നത്.
അതേസമയം ഇതാദ്യമായല്ല അങ്കമാലി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്കെതിരെ പരാതി ഉയരുന്നത്. ഇതിന് മുമ്പും ആശുപത്രി ജീവനക്കാർക്കെതിരെ നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. കൂടാതെ നഗരസഭ തന്നെ ആശുപത്രിയുടെ വീഴ്‌ചകൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും ആശുപത്രി ജീവനക്കാർ വീഴ്‌ചകൾ പരിഹരിക്കാൻ തയ്യാറായിട്ടില്ലെന്നാണ് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; റിപ്പോര്‍ട്ട് എട്ടിന് സമര്‍പ്പിക്കും:സംസ്ഥാനത്ത്ഏറെ കോളിളക്കം സൃഷ്ടിച്ച, ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തുടരന്വേഷണത്തിന് വേണ്ടി മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചു. എറണാകുളം ജനറൽ അശുപത്രിയിലെ റേഡിയോളജിസ്റ്റിനെ ഉൾപ്പെടുത്തിയാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. സംഭവത്തില്‍ മാറ്റിവച്ച മെഡിക്കല്‍ ബോര്‍ഡ് യോഗം ഈ മാസം എട്ടിന് ചേരും.
ഓഗസ്റ്റ് ഒന്നിനായിരുന്നു മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മുന്നറിയിപ്പില്ലാതെ ഈ യോഗം മാറ്റി. ഇതില്‍ പ്രതിഷേധിച്ച് ഹര്‍ഷിന കോഴിക്കോട് ഡിഎംഒ ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പാരംഭിച്ചു. റേഡിയോളജിസ്റ്റ് ഇല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചൊവ്വാഴ്‌ച്ച ചേരേണ്ടിയിരുന്ന യോഗം മാറ്റിയത്.
പിന്നാലെ, എട്ടാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആരോഗ്യ വകുപ്പിനും പൊലീസിനും ഡിഎംഒ ഉറപ്പ് നല്‍കി. എന്നാൽ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ ഒന്‍പതാം തീയതി മുതല്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം തുടങ്ങാനാണ് ഹര്‍ഷിനയുടെ തീരുമാനം. അതേസമയം കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് നീതി കിട്ടണമെന്ന നിലപാടാണ് ആരോഗ്യ വകുപ്പിനുള്ളതെന്ന് നേരത്തെ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
READ MORE:Scissors in Stomach | വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം : തുടരന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ്, റിപ്പോര്‍ട്ട് എട്ടിന് സമര്‍പ്പിക്കും