എറണാകുളം:ക്രിസ്‌തുവിന്‍റെ അന്ത്യ അത്താഴ വിരുന്നിന്‍റെ ഓര്‍മ പുതുക്കി ക്രിസ്‌തുമത വിശ്വാസികള്‍ക്ക് ഇന്ന് പെസഹ വ്യാഴം. പെസഹയോട് അനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാർഥനകളും കാല്‍ കഴുകൽ ശുശ്രൂഷയും നടന്നു. എറണാകുളം സെന്‍റ് തോമസ് മൗണ്ടിൽ നടന്ന ചടങ്ങുകൾക്ക് സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു.
ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി വിശ്വാസികളുടെ കാൽ കഴുകൽ ശുശ്രൂഷയും നടത്തി. കാൽ കഴുകൽ ശുശ്രൂഷ പരസ്‌പര സ്നേഹത്തിന്‍റെ അടയാളമാണെന്ന് പെസഹ സന്ദേശത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. നാം നമുക്ക് വേണ്ടി മാത്രം ഉള്ളവരല്ല മറ്റുള്ളവർക്ക് വേണ്ടി സൃഷ്‌ടിക്കപ്പെട്ടവരാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശ്വാസികളെ ഓർമിപ്പിച്ചു. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിൽ വിശ്വാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ സഭാവിശ്വാസികളുടെ ഐക്യത്തിനും കർദ്ദിനാൾ പെസഹ സന്ദേശത്തിൽ ആഹ്വാനം ചെയ്‌തു.
അന്ത്യ അത്താഴ വേളയിൽ ശിഷ്യന്മാരുടെ കാലുകൾ കഴുകിയ ദൈവ പുത്രനായ ഈശോയുടെ ഓർമ പുതുക്കി കൊണ്ട് സമൂഹത്തിലെ വിവിധ തലങ്ങളിൽ സേവനം ചെയ്യുന്ന 12 പേരുടെ പാദങ്ങൾ കർദിനാൾ കഴുകി ചുംബിച്ചു. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് അടഞ്ഞ് കിടക്കുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രലിൽ പെസഹ ചടങ്ങുകൾ നടന്നില്ല. സെന്‍റ് ഫ്രാൻസിസ് കത്തീഡ്രലിൽ നടന്ന പെസഹ ചടങ്ങുകൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ നേതൃത്വം നൽകി.