കൊല്ലം : പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്‍റെ നയമെന്ന് വ്യവസായമന്ത്രി പി. രാജീവ്. കുണ്ടറ സെറാമിക്‌സ് ലിമിറ്റഡിലെ വർധിത ഉത്പാദന ശേഷിക്കായുള്ള പുതിയ പ്ലാന്‍റുകളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നത് മാസ്റ്റർ പ്ലാനിന്‍റെ അടിസ്ഥാനത്തിലായിരിക്കും. കരട് മാസ്റ്റർ പ്ലാൻ അതത് മേഖലയിലെ വിദഗ്‌ധർ പരിശോധിച്ച് മെച്ചപ്പെടുത്തും. റിയാബാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. എംഡിമാരെ സെലക്ഷൻ ബോർഡ് തീരുമാനിക്കും. ഇരുപതോളം പോസ്റ്റുകളുടെ യോഗ്യത നിശ്ചയിച്ചിട്ടുണ്ട്.
പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിന് മാസ്റ്റർപ്ലാൻ : പി. രാജീവ് മെറിറ്റ് അടിസ്ഥാനത്തിൽ സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ആയിരിക്കും നടത്തുക. പിഎസ്‌സി വഴി അല്ലാത്ത നിയമനങ്ങളെല്ലാം റിക്രൂട്ട്മെന്‍റ് ബോർഡായിരിക്കും നടത്തുന്നത്. സ്ഥാപനങ്ങൾ പരമാവധി ആധുനികവൽക്കരിച്ച് മെച്ചപ്പെട്ട വേതനം നൽകുമെന്നും ഇതിനായി ഉത്പാദനക്ഷമത വർധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർധിപ്പിച്ച കയോലിൻ ഉത്പാദനശേഷി കൈവരിക്കാനുള്ള പ്ലാന്‍റ്, സാൻഡ് വാഷിങ് പ്ലാന്‍റ്, ആധുനിക മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയ പദ്ധതികളാണ് കുണ്ടറ സെറാമിക്‌സ് ലിമിറ്റഡിൽ നടപ്പിലാക്കുന്നത്. ഏഴ് കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. നിലവിൽ പ്രതിമാസം 1120 ടൺ ഉത്പാദനം നടക്കുന്നുണ്ട്. ഇത് 1800 ടൺ ആക്കുകയാണ് ലക്ഷ്യം.
ALSO READ:കേരളത്തിന്‍റെ മതനിരപേക്ഷത തകർക്കരുത് ; പാലാ രൂപതയ്‌ക്കെതിരെ പി.രാജീവ്
16,000 മുതൽ 18,000 രൂപ വരെയുള്ള ഫൈൻ ഗ്രേഡ് കയോലിന്‍റ് ഹൈഡ്രേറ്റഡ് അലൂമിനിയം സിലിക്കേറ്റ് നിർമാണവും കമ്പനി ലക്ഷ്യമിടുന്നുണ്ട്. സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതികളുടെ ഭാഗമായാണ് പ്ലാന്‍റുകളുടെ ശിലാസ്ഥാപനം നടത്തിയത്.
പി.സി. വിഷ്‌ണുനാഥ് എംഎൽഎ അധ്യക്ഷനായ പരിപാടിയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി, മുൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, കേരള സെറാമിക്‌സ് ലിമിറ്റഡ് ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ, കേരള സെറാമിക്‌സ് ലിമിറ്റഡ് എംഡി പി. സതീഷ് കുമാർ, ജില്ല പഞ്ചായത്തംഗം സി. ബാൾഡുവിൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സംസാരിച്ചു.