എറണാകുളം : മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. കേസിന്‍റെ അന്വേഷണത്തില്‍ നിന്നും തോമസ് ഐസക് ഒളിച്ചോടാന്‍ ശ്രമിക്കുന്നുവെന്ന് ഇഡി ആരോപിക്കുന്നു. മസാല ബോണ്ട് കേസില്‍ ഇഡിയുടെ സമന്‍സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കും കിഫ്‌ബിയും നല്‍കിയ ഹര്‍ജികളിലാണ് ഇഡിയുടെ മറുപടി സത്യവാങ്മൂലം.
ഹർജികൾ അപക്വമാണെന്നും അന്വേഷണത്തില്‍ നിന്നും ഒളിച്ചോടാനാണ് തോമസ് ഐസക് അടക്കമുള്ള കുറ്റാരോപിതരുടെ ശ്രമമെന്നും ഇഡി കുറ്റപ്പെടുത്തി. ഇഡി സമന്‍സ് ചോദ്യം ചെയ്യാന്‍ വ്യക്തികൾക്ക് സാധിക്കില്ല. വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് തോമസ് ഐസക് ഇ.ഡിക്കെതിരെ ഉന്നയിക്കുന്നതെന്നും അന്വേഷണസംഘം പറയുന്നു.
വിദേശനാണ്യ വിനിമയ ചട്ടത്തിന്‍റെ ലംഘനം അന്വേഷിക്കാൻ ഇ.ഡിയ്ക്ക് അധികാരമില്ലെന്നായിരുന്നു തോമസ് ഐസക്കും കിഫ്‌ബിയും നല്‍കിയ ഹര്‍ജികളില്‍ പറഞ്ഞിരുന്നത്. എന്നാൽ ഫെമ നിയമ ലംഘനങ്ങൾ അന്വേഷിക്കാൻ അസിസ്റ്റൻറ് ഡയറക്ടർ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന് അധികാരമുണ്ടെന്ന് മറുപടി സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കി.