എറണാകുളം: കൊവിഡ് ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും പ്രതീക്ഷയോടെ ക്രിസ്‌മസ് വിപണി സജീവമാക്കാന്‍ ഒരുങ്ങുകയാണ് വ്യാപാരികള്‍. കോതമംഗലത്തെയും, മുവാറ്റുപുഴയിലെയും, ഹൈറേഞ്ചിലെയും വില്‍പ്പനശാലകളിൽ ക്രിസ്‌തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി നക്ഷത്രങ്ങളും സാന്താക്ലോസ് വേഷങ്ങളും അനുബന്ധ വസ്‌തുക്കളുമെല്ലാം എത്തി കഴിഞ്ഞു. വർണ്ണ വിളക്കുകളും, ക്രിസ്‌തുമസ് ട്രീകളുമായി ഷോപ്പിംഗ് മാളുകളും അണിഞ്ഞൊരുങ്ങി. വരും ദിവസങ്ങളില്‍ വില്‍പ്പന കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
കൊവിഡ് ആശങ്കകള്‍ക്കിടെ പ്രതീക്ഷയോടെ ക്രിസ്‌മസ് വിപണി - ernakulam
നക്ഷത്രങ്ങളും. സാന്താക്ലോസ് വേഷങ്ങളും ,വർണ്ണ വിളക്കുകളും, ക്രിസ്‌മസ് ട്രീകളുമായി ക്രിസ്‌തുമസ് വിപണിയെ ക്കൂടുതല്‍ സജീവമാക്കാനൊരുങ്ങുകയാണ് വ്യാപാരികള്‍.
കഴിഞ്ഞ കുറച്ച് നാളുകളായി കോതമംഗലം ഉൾപ്പെടെയുള്ള ഹൈറേഞ്ച് വ്യാപാര മേഖല വലിയ മാന്ദ്യം നേരിടുകയാണ്. പ്രളയവും കൊവിഡും സമ്മാനിച്ച മാന്ദ്യത്തില്‍ നിന്നും ഇനിയും വ്യാപാര മേഖല കരകയറിയിട്ടില്ല. അതിനാല്‍ തന്നെ ക്രിസ്‌തുമസ് പുതുവത്സരാഘോഷങ്ങളെ പ്രതീക്ഷയോടെയാണ് വ്യാപാര മേഖല ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറിയ രീതിയിലുള്ള വില വ്യത്യാസം വിപണിയില്‍ പ്രകടമാണ്. കേക്കുകള്‍ക്കും നക്ഷത്രങ്ങള്‍ക്കും ക്രിസ്‌തുമസ് പപ്പാവേഷങ്ങള്‍ക്കും അലങ്കാര ബള്‍ബുകള്‍ക്കും ആവശ്യക്കാരേറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരശാലകളില്‍ സ്റ്റോക്കുകള്‍ എത്തിച്ചിട്ടുള്ളത്.
ജനജീവിതം സാധാരണ നിലയിലേക്ക് ചുവട് വെച്ചതോടെ ക്രിസ്‌മസ് വിപണിയിലും ഈ ഉണർവ്വ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. എന്നാൽ നക്ഷത്രങ്ങൾ, അലങ്കാര ദീപങ്ങൾ, പുൽക്കൂട് ഒരുക്കാനുള്ള സാധന സാമഗ്രികൾ എന്നിവയുടെ ലഭ്യത കുറവ് കച്ചവടത്തെ ബാധിക്കുന്നുണ്ട്. 35 രൂപ മുതല്‍ 450 രൂപ വരെ വിലമതിക്കുന്ന നക്ഷത്രങ്ങൾ വിപണിയിലുണ്ട്. കടലാസ് നിർമിത നക്ഷത്രങ്ങൾക്ക് വിലക്കുറവും എല്‍ഇഡി നക്ഷത്രങ്ങൾക്ക് ഇത്തവണയും വില കുടൂതലുമാണ്. അതേസമയം ചൈനീസ് നിർമിത ഉത്പന്നങ്ങൾ ഇത്തവണ വിപണിയിൽ കുറവാണ്.