കൊച്ചി:മരടിലെ ഫ്ലാറ്റുകൾ ഒഴിയാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഫ്ലാറ്റിൽ നിന്നും ഒഴിഞ്ഞു പോകാത്തവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ഫ്ലാറ്റുടമകള്‍ ഒഴിഞ്ഞു പോയതായി വ്യക്തിപരമായി കത്ത് നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
മരടില്‍ ഫ്ലാറ്റ് ഒഴിയാത്തവർക്കെതിരെ കോടതിയലക്ഷ്യ നടപടി - കൊച്ചി
ഉടമകള്‍ ഒഴിഞ്ഞുപോയതായി രേഖാമൂലം അറിയിക്കണമെന്ന് പൊലീസ്
180ലധികം ഫ്ലാറ്റുകളിലെ ഉടമകള്‍ ഒഴിഞ്ഞതായി ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. പുനരധിവാസത്തിന് 42 ഫ്ലാറ്റുകള്‍ തയ്യാറാണ്. സാധനങ്ങള്‍ നീക്കുന്നതിന് ഓരോ ഫ്ലാറ്റ് സമുച്ചയത്തിലും 20 വോളന്‍റിയര്‍മാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാല് ഫ്ലാറ്റുകളിലും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
സാധനങ്ങൾ മാറ്റാൻ എത്ര സമയം വേണമെന്ന് അറിയിച്ചാൽ അത് പരിഗണിക്കാമെന്നും വൈദ്യുതിയും വെള്ളവും അതുവരെ വിച്ഛേദിക്കില്ലെന്നും എസിപി ലാൽജി അറിയിച്ചു. എന്നാൽ മരടിലെ ഫ്ലാറ്റുകളിൽ നിന്നും ഒഴിയാൻ ഉടമകൾക്ക് സമയ പരിധി നീട്ടി നൽകില്ലെന്നും മൂന്നാം തീയതി വരെയാണ് സമയം അനുവദിച്ചിരിക്കുന്നതെന്നും സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു.