എറണാകുളം: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന ജനുവരി പതിനൊന്നാം തീയതി രാവിലെ ഒമ്പത് മണി മുതൽ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. ജില്ലാ കലക്‌ടർ വിളിച്ച അവലോകനയോഗത്തില്‍ ഫ്ലാറ്റുകൾ പൊളിക്കുന്ന സമയക്രമത്തിൽ മാറ്റമില്ലെന്ന് അന്തിമ തീരുമാനമെടുത്തിരുന്നു. സ്ഫോടനം നടത്തുന്നതിന് 30 മിനിറ്റ് മുൻപേ സമീപ പ്രദേശങ്ങളിലുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണവും ഉണ്ടാകും. കൂടാതെ ദേശീയ പാതയിൽ കുണ്ടന്നൂർ ഭാഗത്തും ഗതാഗത നിയന്ത്രണമുണ്ടാകും. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി മരടിൽ കൺട്രോൾ റൂം തുറക്കും. ഫ്ലാറ്റുകള്‍ പൊളിക്കുന്നത് കാണുവാൻ ജനങ്ങൾക്കായി പ്രത്യേക സ്ഥലങ്ങൾ അനുവദിക്കുവാനും ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.
ഫ്ലാറ്റുകള്‍ പൊളിക്കുന്ന ജനുവരി പതിനൊന്നിന് പ്രദേശത്ത് നിരോധനാജ്ഞ - മരടിലെ ഫ്ലാറ്റുകൾ
ജില്ലാ കലക്‌ടർ വിളിച്ച അവലോകനയോഗത്തില്‍ ഫ്ലാറ്റുകൾ പൊളിക്കുന്ന സമയക്രമത്തിൽ മാറ്റമില്ലെന്ന് അന്തിമ തീരുമാനമെടുത്തിരുന്നു
സ്ഫോടനത്തിൽ ഉണ്ടാകുന്ന പ്രകമ്പന തോത് അളക്കാൻ ഉപകരണങ്ങൾ സ്ഥാപിക്കും. ഇതിനായി മരടിലെ 10 ഇടങ്ങളിൽ ആക്സിലെറോ മീറ്ററുകൾ സ്ഥാപിക്കുമെന്നും ഐഐടി വിദഗ്‌ധർ നേരത്തെ അറിയിച്ചിരുന്നു. ഫ്ലാറ്റ് സമുച്ചയങ്ങളുടെ പരിസരങ്ങളിൽ താമസിക്കുന്ന 290 കുടുംബങ്ങളെ സ്ഫോടന സമയത്ത് ഒഴിപ്പിക്കും. ഗോൾഡൻ കായലോരത്തിന്‍റെ പരിസരത്ത് താമസിക്കുന്ന 61 കുടുംബങ്ങൾ, ജെയിൻ ഫ്ലാറ്റിന്‍റെ പരിസരങ്ങളിൽ താമസിക്കുന്ന 96 കുടുംബങ്ങൾ, ആൽഫയുടെ പരിസരത്തുള്ള 70 കുടുംബങ്ങൾ, ഹോളി ഫെയ്ത്ത് ഫ്ലാറ്റിന്‍റെ പരിസരങ്ങളിലുള്ള 63 കുടുംബങ്ങളെയും സ്ഫോടനത്തിനു മുൻപായി ഒഴിപ്പിക്കും. ജനുവരി 11, 12 തീയതികളിലാണ് ഫ്ലാറ്റ് പൊളിക്കാനായി നിശ്ചയിച്ചിരിക്കുന്നത്. ജനുവരി മാസം പതിനൊന്നാം തീയതി രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ ആദ്യ സ്ഫോടനം നടത്തും. തുടർന്ന് അന്നുതന്നെ പതിനൊന്നര മണിക്ക് ആൽഫ സെറീൻ ഫ്ലാറ്റും സ്ഫോടനത്തിലൂടെ തകർക്കും. പന്ത്രണ്ടാം തീയതി രാവിലെ 11 മണിക്ക് ജെയിൻ ഫ്ലാറ്റും അതേ ദിവസം തന്നെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കായലോരം ഫ്ലാറ്റും പൊളിക്കാനാണ് തീരുമാനം.