കേരളം

kerala

ETV Bharat / state

മരട് ഫ്ലാറ്റ്; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം - മരട് ഫ്ലാറ്റ്

പൊളിക്കുന്ന കമ്പനിയെ തിരഞ്ഞെടുക്കൽ, ഫ്ലാറ്റ് പൊളിക്കുന്നതിൽ ആശങ്കയറിയിച്ച് പരിസരവാസികൾ നൽകിയ പരാതി തുടങ്ങിയ കാര്യങ്ങൾ യോഗത്തില്‍ ചർച്ച ചെയ്യും

മരട് ഫ്ലാറ്റ്

By

Published : Oct 6, 2019, 10:39 AM IST

എറണാകുളം: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ അടിയന്തര യോഗം ചേരും. ജില്ലാ കലക്‌ടര്‍ എസ്.സുഹാസ്, മരട് നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കലക്‌ടര്‍ സ്നേഹിൽകുമാർ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുക്കും. പൊളിക്കുന്ന കമ്പനിയെ തിരഞ്ഞെടുക്കൽ, ഫ്ലാറ്റ് ഒഴിഞ്ഞവരുടെ പുനരധിവാസം, ഫ്ലാറ്റ് പൊളിക്കുന്നതിൽ ആശങ്കയറിയിച്ച് പരിസരവാസികൾ നൽകിയ പരാതി തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും.

പൊളിക്കാൻ താല്‍പര്യമറിയിച്ച കമ്പനികളുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ സബ് കലക്‌ടര്‍ സ്നേഹിൽ കുമാർ വിശദീകരിക്കും. സാങ്കേതിക വിദഗ്‌ധരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിന്‍റെ വിശദമായ റിപ്പോർട്ടും ചീഫ് സെക്രട്ടറിക്ക് കൈമാറും. റിപ്പോര്‍ട്ട് പ്രകാരം പരമാവധി രണ്ട് കമ്പനികൾക്ക് മാത്രമായി പൊളിക്കൽ ജോലി കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ഒമ്പതാം തീയതിക്കകം കമ്പനികളെ തീരുമാനിക്കുകയും പതിനൊന്നാം തീയതി ഫ്ലാറ്റുകൾ കൈമാറുകയും ചെയ്യും. എന്നാൽ പൊളിക്കൽ രീതികൾ വിശദീകരിച്ച് നൽകുന്ന റിപ്പോർട്ട് പരിശോധിച്ച് മാത്രമേ കമ്പനികളുമായി കരാർ ഒപ്പിടുകയുള്ളൂ.

ഇന്നലെയോടെ ഫ്ലാറ്റുകളിലെ മുഴുവൻ താമസക്കാരും ഒഴിഞ്ഞു പോയി. അവശേഷിക്കുന്ന സാധന സമഗ്രികൾ കൂടി നീക്കം ചെയ്യുന്ന ജോലികൾ ഇന്നും തുടരുകയാണ്. ഏതാനും ഫ്ലാറ്റുടമകൾ മാത്രമാണ് ഇതിനായി ഇന്ന് ഫ്ലാറ്റുകളിലെത്തിയത്. ഫ്ലാറ്റുടമകൾ ഭൂരിഭാഗവും അവർ തന്നെ കണ്ടെത്തിയ ഇടങ്ങളിലേക്കാണ് താമസം മാറിയത്. ഉടമകൾ വിദേശത്തുള്ള ഏതാനും ഫ്ലാറ്റുകൾ മാത്രമാണ് ഇനിയും ഒഴിയാതെ അടഞ്ഞുകിടക്കുന്നത്. ഈ ഫ്ലാറ്റുകളുടെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.

ABOUT THE AUTHOR

...view details