കൊച്ചി:മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ നിയന്ത്രിത സ്ഫോടനത്തിലുള്ള മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് എത്തിച്ച് പൊളിക്കൽ ചുമതലയിലുള്ള കമ്പനികൾ. സുപ്രീംകോടതി നിർദേശപ്രകാരം പൊളിക്കാൻ നിശ്ചയിച്ചിരിക്കുന്ന മരടിലെ നാല് ഫ്ലാറ്റുകളിലും സ്ഫോടന വസ്തുക്കൾ നിറയ്ക്കുന്ന ജോലികൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. അതേസമയം ഇൻഷുറൻസ് ഉറപ്പാക്കാൻ മരടിലെ ഫ്ലാറ്റുകളുടെ സമീപത്തുള്ള വീടുകളുടെ വിപണിവില എത്രയും പെട്ടെന്ന് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി തകർക്കുന്ന സമയത്ത് സുരക്ഷാക്രമീകരണങ്ങൾ സുഗമമാക്കുന്നതിന് 500 പൊലീസുകാരെയാണ് വിന്യസിക്കുന്നത്. സ്ഫോടനം നടത്തുന്ന കെട്ടിടത്തിന് 200 മീറ്റർ അപ്പുറം ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രണമുണ്ടാകും. കൂടാതെ കായലിൽ ആളുകൾ വഞ്ചിയിൽ സഞ്ചരിക്കാതിരിക്കാൻ കോസ്റ്റൽ പൊലീസും സഹായത്തിനെത്തും.
ആദ്യ സ്ഫോടനം നടത്തുന്ന പതിനൊന്നാം തീയതി രാവിലെ ഒമ്പത് മണിക്ക് മിമ്പ് തന്നെ സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിക്കും. ഇതിന് പിന്നാലെ പൊലീസ് വീടുകളിൽ പരിശോധന നടത്തും. സ്ഫോടനം നടത്തുന്നതിന് 10 മിനിറ്റ് മുമ്പ് ഹൈവേ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ ഫ്ലാറ്റുകളുടെ പരിസരങ്ങളിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടാകും. സ്ഫോടന സമയങ്ങളിൽ ആംബുലൻസ്, എയർഫോഴ്സ് എന്നിവയുടെ പൂർണ സേവനം പരിസരങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
ഇതുകൂടാതെ വീടുകളിൽ നിന്നും ഒഴിഞ്ഞു പോകുന്ന പ്രദേശവാസികൾ കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും കൃത്യമായി അടക്കണമെന്നും എയർകണ്ടീഷണറുകൾ ഉൾപ്പെടെയുളള വൈദ്യുതി ഉപകരണങ്ങളുടെ ബന്ധം വിച്ഛേദിച്ചതിന് ശേഷം മെയിൻ സ്വിച്ച് ഓഫ് ചെയ്യണമെന്നും നഗരസഭ നിർദേശിച്ചു. വീടുകളിൽ വയോജനങ്ങൾ ഉണ്ടെങ്കിൽ അവരെ സുരക്ഷിതമായി കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വളർത്തുമൃഗങ്ങളെ ഉൾപ്പെടെ സുരക്ഷിതമായി പാർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.