കൊച്ചി:മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഹോളി ഫെയ്ത്ത്, ആൽഫ സെറീൻ സമുച്ചയങ്ങളിൽ നടത്തിയ മോക്ഡ്രിൽ വിജയകരമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കിറെ. ഇന്ന് നടക്കാനിരിക്കുന്ന സ്ഫോടനത്തിന്‍റെ ട്രയൽ രൂപേണ നടത്തിയ ഒരുക്കങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും ഇതിന്‍റെ ഭാഗമായി സൈറൺ എല്ലാവർക്കും കേൾക്കുന്ന രീതിയിൽ പുനഃസ്ഥാപിക്കുമെന്നും മോക്ഡ്രിൽ നടത്തിയതിനുശേഷം കമ്മീഷണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാവിലെ ഒമ്പത് മണിക്ക് മോക്ഡ്രിൽ ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഉച്ചയോടു കൂടിയാണ് മോക്ഡ്രിൽ ആരംഭിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കിറെയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും തുടർന്ന് സാങ്കേതിക സമിതിയുടെ യോഗവും ചേർന്നു. അതിനുശേഷം പൊളിക്കുന്ന ഓരോ ഫ്ലാറ്റുകളിലും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ, ജില്ലാ കലക്ടർ എസ് സുഹാസ്, ഫ്ലാറ്റുകൾ പൊളിക്കുന്ന ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സാങ്കേതിക സമിതി അംഗങ്ങൾ, എസ് ബി സർവ്വാതെ തുടങ്ങിയവർ പരിശോധന നടത്തി. ഇതിന് ശേഷം മരട് നഗരസഭയിലെ കൺട്രോൾ റൂമിലെത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തിയതിനുശേഷമാണ് മോക്ഡ്രിൽ ആരംഭിച്ചത്. മരട് നഗരസഭയുടെ മുന്നിൽ സജ്ജീകരിച്ച മെഷീനിൽ സൈറൺ മുഴങ്ങിയതോടെ മോക്ഡ്രിൽ ആരംഭിച്ചു.