കേരളം

kerala

ETV Bharat / state

മരട് ഫ്ലാറ്റ് പൊളിക്കാന്‍ ഇനി മൂന്ന് നാള്‍; ഒരുക്കം വേഗത്തിലാക്കി കമ്പനികൾ - മരട് സ്ഫോടനം

നിയന്ത്രിത സ്ഫോടനം വഴി തകർക്കുന്ന മൂന്ന് ഫ്ലാറ്റുകളിലും സ്ഫോടന വസ്‌തുക്കൾ നിറക്കുന്ന ജോലികള്‍ പൂർത്തിയായി.

maradu flat demolishing  മരട് ഫ്ശാറ്റ് പൊളിക്കല്‍  ഗോൾഡൻ കായലോരം  ജെയിൻ കോറൽ കോവ് ഫ്ലാറ്റ്  ആൽഫ സെറീൻ  മരട് സ്ഫോടനം  ഹോളി ഫെയ്ത്ത് ഫ്ലാറ്റ്
മരട് ഫ്ശാറ്റ് പൊളിക്കല്‍; ഒരുക്കങ്ങൾ അതീവ വേഗത്തിലാക്കി കമ്പനികൾ

By

Published : Jan 8, 2020, 10:50 AM IST

കൊച്ചി:മരടിലെ ഫ്ലാറ്റുകൾ നിലം പൊത്താൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ നിയന്ത്രിത സ്ഫോടനത്തിനുള്ള ഒരുക്കങ്ങൾ അതീവ വേഗത്തിലാക്കി പൊളിക്കൽ ചുമതലയുള്ള കമ്പനികൾ. നിയന്ത്രിത സ്ഫോടനം വഴി തകർക്കുന്ന മൂന്ന് ഫ്ലാറ്റുകളിലും സ്ഫോടന വസ്‌തുക്കൾ നിറക്കുന്ന ജോലികൾ പൂർത്തിയായി. ഇനി അവശേഷിക്കുന്ന ഗോൾഡൻ കായലോരം ഫ്ലാറ്റില്‍ രണ്ട് ദിവസത്തിനകം സ്ഫോടന വസ്‌തുക്കൾ നിറക്കുന്ന ജോലികൾ പൂർത്തിയാക്കും. സ്ഫോടനത്തെ സംബന്ധിച്ച് യാതൊരുവിധ ആശങ്കകളും പ്രദേശവാസികൾക്ക് വേണ്ടെന്ന് കമ്പനികൾ വ്യക്തമാക്കി.

പൊതുജനബോധവല്‍ക്കരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വീഡിയോ

ജനുവരി 1ന് രാവിലെ 11 മണിക്ക് പൊളിക്കുന്ന ഹോളി ഫെയ്ത്ത് ഫ്ലാറ്റിലാണ് ആദ്യം സ്ഫോടന വസ്‌തുക്കൾ നിറച്ചത്. പിന്നീട് ആൽഫ സെറീൻ ഇരട്ട കെട്ടിടത്തിലും ജെയിൻ കോറൽ കോവ് ഫ്ലാറ്റിലും സ്ഫോടക വസ്‌തുക്കൾ നിറച്ചു. ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളുടെ ആശങ്കകൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ പൊളിക്കൽ കമ്പനികൾ നേരിട്ട് സുരക്ഷാ മുൻകരുതലുകൾ ചൂണ്ടിക്കാണിച്ച് വീഡിയോ ദൃശ്യവും പുറത്തിറക്കി.

അതേസമയം ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ വീടുകൾക്ക് ഉണ്ടാവുന്ന നാശനഷ്‌ടങ്ങൾ തീർക്കുന്നതിനുള്ള അധിക തുക നഗരസഭ വഹിക്കണമെന്ന തീരുമാനത്തെ ചൊല്ലി ഇന്നലെ മരട് നഗരസഭയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ തർക്കമുണ്ടായിരുന്നു. ഇത് സംബന്ധിച്ച അവ്യക്തതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സർക്കാരിന് കത്ത് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ നഷ്‌ടപരിഹാരം സംബന്ധിച്ച് ഏതെങ്കിലും വിധത്തിലുള്ള സംശയമുണ്ടായാൽ അത് പരിഹരിക്കുന്നതിനായി മരട് നഗരസഭയുടെ ഭാഗത്തുനിന്നും ഇൻഷുറൻസ് കമ്പനിയുടെ ഭാഗത്തുനിന്നും പ്രത്യേകം ആളുകളെ നിയോഗിച്ച ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിക്കുമെന്നും പൊളിക്കൽ ചുമതലയുള്ള സബ് കലക്‌ടർ അറിയിച്ചു. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ മാറി താമസിക്കേണ്ട ആളുകളെ സബ് കലക്‌ടർ നേരിൽ കണ്ട് സുരക്ഷാ നിർദേശങ്ങൾ വിശദീകരിക്കും. ഇതിനായി എക്സ്പ്ലോസീവ് സോണിൽ വരുന്ന പ്രദേശവാസികളുടെ യോഗവും ഇന്ന് ചേരുന്നുണ്ട്.

ABOUT THE AUTHOR

...view details