കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിന്‍റെ പേരിൽ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട കൊച്ചി മരടിലെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഇന്ന് പൊളിച്ചു നീക്കും. രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് എച്ച്‌ടുഒ ഫ്ലാറ്റാണ് നിയന്ത്രിത സ്ഫോടനം വഴി ആദ്യം തകർക്കുന്നത്. പത്ത് മിനുട്ടിന് ശേഷം ഇരട്ട സമുച്ചയങ്ങളുള്ള ആല്‍ഫാ സെറീന്‍ ഫ്ലാറ്റും നിലംപൊത്തും. രാവിലെ എട്ട് മണി മുതൽ സ്ഥലത്ത് ജില്ലാ കലക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മണിക്ക് മുമ്പ് ഹോളി ഫെയ്ത്ത്, ആൽഫ സെറീൻ ഫ്ലാറ്റുകൾക്ക് 200 മീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കും.സ്ഫോടനത്തിന്‍റെ ഓരോ ഘട്ടങ്ങളും സൈറണ്‍ മുഴക്കി പൊതുജനങ്ങളെ അറിയിക്കും. സ്ഫോടനം നടത്തുന്നതിന് അരമണിക്കൂർ മുമ്പ് ആദ്യ സൈറൺ പുറപ്പെടുവിക്കും. 10.30ന് പുറപ്പെടുവിക്കുന്ന ഈ സൈറണ്‍ സമീപവാസികൾ പൂർണമായും സ്ഥലത്ത് നിന്ന് ഒഴിഞ്ഞുവെന്ന് ഉറപ്പുവരുത്തുന്നതിനാണ്. പിന്നീട് 10.55ന് രണ്ടാമത്തെ സൈറൺ മുഴങ്ങുന്നതോടെ 200 മീറ്റർ ചുറ്റളവിലെ പ്രധാന റോഡുകൾ ട്രാഫിക് നിയന്ത്രണത്തിലാകും. 10.59 മൂന്നാം സൈറണ്‍ മുഴങ്ങും. സൈറൺ മുഴങ്ങി കൃത്യം ഒരു മിനിറ്റ് ആകുമ്പോഴേക്കും 100 മീറ്റർ മാറി കുണ്ടന്നൂർ-തേവര പാലത്തിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ബ്ലാസ്റ്റിങ്ങ് ഷെഡ്ഡിൽ നിന്ന് സ്ഫോടനം നടത്തും. സ്ഫോടനം അവസാനിക്കും വരെ സൈറണ്‍ നീണ്ടുനിൽക്കും.
എക്സ്പ്ലോസീവ് സോണിൽ നിന്ന് ആളുകൾ ഒഴിഞ്ഞതിന് പിന്നാലെ പൊലീസ് വീടുകളിൽ പരിശോധന നടത്തും. സ്ഫോടനം നടത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് ഹൈവേ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഫ്ലാറ്റുകളുടെ ഇരുന്നൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ ആര്‍ക്കും പ്രവേശനം അനുവധിക്കില്ല. സ്ഫോടന സമയങ്ങളിൽ ആംബുലൻസ്, എയർഫോഴ്‌സ് എന്നിവയുടെ പൂർണ സേവനം പരിസരങ്ങളിൽ ഒരുക്കും.