എറണാകുളം: മരട് ഫ്ലാറ്റുടമകൾക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ മൂന്നംഗ സമിതി കൂടുതൽ സമയം അനുവദിച്ചു. ഒരാഴ്‌ചയ്ക്കകം രേഖകൾ ഹാജരാക്കാനാണ് നിർദേശം. ഉടമകളുടെ നഷ്‌ടപരിഹാരം തീരുമാനിക്കുന്നതിനുള്ള ജസ്റ്റിസ് കെ.ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ ചേർന്ന മൂന്നംഗ സമിതിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.
സമിതി അംഗങ്ങളായ മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെ.എസ്.ആർ.എ യിലെ എഞ്ചിനീയര്‍ ആർ.മുരുകേശൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഉടമകളുടെ വിശദാംശങ്ങൾ അടക്കമുള്ള രേഖകൾ സമിതി പരിശോധിച്ചു. യഥാർഥ വില കാണിച്ച് സത്യവാങ്മൂലം നൽകണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. പതിനാലാം തീയതിയാണ് സമിതിയുടെ അടുത്ത സിറ്റിങ്.
അതേസമയം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കുന്നതിനുള്ള നിയമോപദേശം നൽകാൻ സർക്കാർ നിയോഗിച്ച എഞ്ചിനീയർ എസ്.ബി സർവോതെയ കൊച്ചിയിലെത്തി. ഫ്ലാറ്റുകൾ സന്ദർശിച്ച ശേഷമേ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെയുളള കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്യൽ തുടരുകയാണ്. അന്വേഷണത്തിന്‍റെ ഭാഗമായി മരട് മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫിനെ ഇന്ന് ചോദ്യം ചെയ്‌തു. ഇയാൾ പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലാണ് മരടിലെ ഫ്ലാറ്റുകൾക്ക് അനുമതി ലഭിക്കുന്നത്. അന്വേഷണസംഘം ഇന്നലെയും മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നിർമാതാക്കൾക്കെതിരെയുള്ള കേസിൽ മുൻ ഉദ്യോഗസ്ഥരുടെ പങ്ക് ഉൾപ്പെടെ അന്വേഷിക്കുന്നതിനാല്‍ വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് എസ്.പി എ മുഹമ്മദ് റഫീഖ് അറിയിച്ചു.