എറണാകുളം: മരടിലെ ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയെന്നും ഉടൻ കമ്പനികളെ തീരുമാനിക്കുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ്. കൊച്ചിയിൽ മരടിലെ ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരടിലെ ഫ്ലാറ്റ് പൊളിക്കല്‍; കമ്പനികളെ ഉടൻ തീരുമാനിക്കുമെന്ന് ചീഫ് സെക്രട്ടറി - മരടിലെ ഫ്ലാറ്റ് പൊളിക്കല്‍
ഫ്ലാറ്റുടമകൾക്ക് നാലാഴ്ചക്കുള്ളിൽ തന്നെ നഷ്‌ടപരിഹാരം ലഭ്യമാക്കും. നഷ്‌ടപരിഹാരത്തിനായി ജസ്റ്റിസ് ബാലകൃഷ്‌ണൻ നായർ കമ്മിറ്റിയെയാണ് സമീപിക്കേണ്ടത്.
സുപ്രീം കോടതിയിൽ നൽകിയ സമയപട്ടിക അനുസരിച്ച് തന്നെ മരട് ഫ്ലാറ്റ് പൊളിക്കൽ പൂർത്തിയാക്കും. പതിനൊന്നാം തീയതി ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറും. കമ്പനികളെ തീരുമാനിക്കുന്നത് സംസ്ഥാനത്തെയും രാജ്യത്തെയും വിദഗ്‌ധരടങ്ങിയ കമ്മിറ്റിയായിരിക്കും. ഫ്ലാറ്റുടമകൾക്ക് നാലാഴ്ചക്കുള്ളിൽ തന്നെ നഷ്‌ടപരിഹാരം ലഭ്യമാക്കും. നഷ്‌ടപരിഹാരം സംബന്ധിച്ച കാര്യങ്ങൾ സുപ്രീം കോടതി നിർദ്ദേശപ്രകാരം നിയമിച്ച കമ്മിറ്റി തീരുമാനിക്കും.
ഫ്ലാറ്റുടമകൾ നഷ്‌ടപരിഹാരത്തിനായി ജസ്റ്റിസ് ബാലകൃഷ്‌ണൻ നായർ കമ്മിറ്റിയെയാണ് സമീപിക്കേണ്ടത്. കമ്മിറ്റിയുടെ പ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. പരിസരവാസികളുടെ ആശങ്കയകറ്റാനുള്ള നടപടികൾ സ്വീകരിക്കും. സുരക്ഷ മുൻനിർത്തി ഫ്ലാറ്റ് പൊളിക്കുന്നവേളയിൽ ചുറ്റുവട്ടത്തുള്ളവരെ താൽകാലികമായി മാറ്റും. ഫ്ലാറ്റുടമകൾക്ക് പുനരധിവാസം വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ അവർ സ്വന്തം നിലയിൽ തന്നെ മാറി താമസിക്കുകയായിരുന്നുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ജില്ലാ കലക്‌ടർ എസ് സുഹാസ്, മരട് നഗരസഭ സെക്രടറിയുടെ ചുമതലയുള്ള സബ് കലക്‌ടര്‍ സ്നേഹിൽകുമാർ, സിറ്റി പൊലീസ് കമ്മീഷണർ വിജയ സാക്കറെ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.