കൊച്ചി:കേരള ചരിത്രത്തില്‍ അനധികൃത കയ്യേറ്റങ്ങളുടെ പേരില്‍ പൊളിക്കപ്പെടുന്ന ആദ്യ കെട്ടിടമല്ല മരടിലേത്. എന്നാല്‍ സ്ഫോടനത്തിലൂടെ പൊളിക്കുന്ന ആദ്യത്തെ കെട്ടിടമാണിത്. ഇത് മാത്രമല്ല മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം. തുടക്കം മുതല്‍ അഴിമതി, ക്രമക്കേട്, നിയമ ലംഘനം തുടങ്ങിയ വാര്‍ത്തകളില്‍ മരടിലെ ഫ്ലാറ്റുകള്‍ ഇടം പിടിച്ചിരുന്നു. ഒടുവില്‍ തീരദേശ നിയമം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീം കോടതി ഫ്ലാറ്റ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ചു. വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച കുറെ മനുഷ്യരുടെ ജീവിതത്തിലാണ് ഇതോടെ ഇരുള്‍ വീണത്. മരടിലെ ഫ്ലാറ്റുകളില്‍ താമസിക്കുന്ന 346 കുടുംബങ്ങളിലെ 1200ല്‍ അധികം പേരാണ് തെരുവിലിറക്കപ്പെട്ടത്.
കയ്യേറ്റത്തിന്‍റെ ഗോപുരം തകരുന്നു; നാള്‍വഴികളിലൂടെ - ഫ്ലാറ്റ് ഇന്ന് പൊളിക്കും
തുടക്കം മുതല്‍ അഴിമതി, ക്രമക്കേട്, നിയമ ലംഘനം തുടങ്ങിയ വാര്‍ത്തകളില്‍ മരടിലെ ഫ്ലാറ്റുകള്‍ ഇടം പിടിച്ചിരുന്നു. ഒടുവില്‍ തീരദേശ നിയമം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീം കോടതി ഫ്ലാറ്റ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ചു
എറണാകുളം ജില്ലയിലെ മരട് നഗരസഭയില്‍ സ്ഥിതിചെയ്യുന്ന കയ്യേറ്റത്തിന്‍റെ ഗോപുരം സ്ഫോടനത്തിലൂടെ തകര്‍ക്കാനൊരുങ്ങുന്നതിന്‍റെ നാള്‍വഴികളിലേക്ക്...
പൊളിക്കാൻ നിർദേശിച്ച ഫ്ലാറ്റുകൾ:-ഹോളി ഫെയ്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപേഴ്‌സ് ലിമിറ്റഡിന്‍റെ ഹോളി ഫെയ്ത് എച്ച്ടുഒ. ആല്‍ഫ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ നെട്ടൂരുള്ള ആല്‍ഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം. ജെയിൻ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്റെ നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയിൻ കോറല്‍ കോവ്. ഹോളിഡേ ഹെറിറ്റേജ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഹോളിഡേ ഹെറിറ്റേജ്.
- 2006 ജൂൺ 17:സിആർഇസഡ് (കോസ്റ്റൽ റഗുലേഷൻ സോൺ) വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ചു മാത്രം കെട്ടിട നിർമാണാനുമതികൾ നൽകാവൂ എന്നു കാണിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കേരള കോസ്റ്റൽ സോൺ മാനേജമെന്‍റ് അതോറിറ്റി സർക്കുലർ നല്‍കുന്നു.
- 2006 ഓഗസ്റ്റ്, സെപ്റ്റംബർ:ഫ്ലാറ്റ് പണിയുന്നതിന് മരട് ഗ്രാമ പഞ്ചായത്തിന്‍റെ നിർമാണ അനുമതി നല്‍കുന്നു.
- 2007-നിർമാണം പുരോഗമിക്കുന്നതിനിടെ പഞ്ചായത്ത് വിജിലൻസ് നിയമലംഘനങ്ങൾ കണ്ടെത്തി. കേരള മുനിസിപ്പൽ ബിൽഡിങ്സ് ചട്ടം ലംഘിച്ചായിരുന്നു നിര്‍മാണം. തുടർന്ന് അനുമതി റദ്ദാക്കാൻ സർക്കാർ പഞ്ചായത്ത് സെക്രട്ടറിയോടു നിർദേശിച്ചു.
- 2007 ജൂൺ:കെട്ടിട നിർമാതാക്കൾക്കു കാരണം കാണിക്കൽ നോട്ടിസ് നൽകി. ഇതു കെട്ടിട നിർമാതാക്കൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഇടക്കാലത്തു ലഭിച്ച സ്റ്റേ ഉത്തരവിന്‍റെ ബലത്തിൽ ഹർജിക്കാർ കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ ഫ്ലാറ്റില്‍ ഉടമകൾ താമസിക്കാന്‍ തുടങ്ങി.
- 2012 സെപ്റ്റംബർ 19:നിർമാതാക്കൾക്ക് അനുകൂലമായി ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ വിധിവരുന്നു.
- 2015 ജൂൺ 2: സിംഗിൾ ജഡ്ജിയുടെ വിധി ഡിവിഷൻ ബെഞ്ച് ശരിവച്ചു.
- 2015 നവംബർ 11:വിധിക്കെതിരെ വാദിഭാഗം നൽകിയ പുനപരിശോധന ഹർജി കോടതി തള്ളി.
- 2015 ഡിസംബർ:ഹൈക്കോടതി വിധിക്കെതിരെ തീരദേശ അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ മരട് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചു.
- 2019 മേയ് 8:ഫ്ലാറ്റ് സമുച്ചയങ്ങൾ ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്ന് ജസ്റ്റിസുമാരായ അരുൺ മിശ്ര, നവീൻ സിൻഹ എന്നിവരുൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് വിധിച്ചു. സംസ്ഥാന സര്‍ക്കാരിനെ അടക്കം പ്രതിസന്ധിയിലാഴ്ത്തിയ വിധിയായിരുന്നു ഇത്. വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
- 2019 ജൂൺ 6:ബിൽഡർമാരായ ഹോളിഫെയ്ത്തും ആൽഫ വെഞ്ച്വേഴ്സും പുനപരിശോധനാ ഹർജി നൽകി.
- 2019 ജൂലൈ 11:ഫ്ലാറ്റുകൾ പൊളിച്ചുമാറ്റണമെന്ന വിധിക്കെതിരെ നാല് ഫ്ലാറ്റ് നിർമാതാക്കൾ നൽകിയ പുനപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. ഇതോടെ പ്രതിസന്ധി രൂക്ഷമാകുന്നു.
- 2019 സെപ്റ്റംബർ 20:ഫ്ലാറ്റുകൾ ഒറ്റയടിക്കു പൊളിക്കുന്നത് പരിസ്ഥിതി ദുരന്തമുണ്ടാക്കുമെന്നു ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറിക്കു കോടതിയുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നു.
- 2019 സെപ്റ്റംബർ 27:ഫ്ലാറ്റ് ഉടമകൾക്കു 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശം നല്‍കി. തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. പണം നിര്‍മാതാക്കളില്‍ നിന്നും കണ്ടെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനിടെ ഫ്ലാറ്റിലെ താമസക്കാരില്‍ ഒരു വിഭാഗം സമരവുമായി രംഗത്തെത്തി.
- 2019 ഒക്ടോബർ 18: ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾ തുടങ്ങി. സ്ഫോടനത്തിലൂടെ സുരക്ഷിതമായി ഫ്ലാറ്റുകള്‍ പൊളിക്കാമെന്ന നിര്‍ദ്ദേശം അംഗീകരിക്കപ്പെടുന്നു. ഇതോടെ എഡിഫൈസ് കമ്പനി സ്ഫോടനം ഏറ്റെടുക്കുന്നു.
- 2020 ജനുവരി 11: കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത് ഫ്ലാറ്റും നെട്ടൂർ ആൽഫ സെറീൻ ഫ്ലാറ്റും പൊളിക്കാനൊരുങ്ങുന്നു.
- 2020 ജനുവരി 12:ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവ പൊളിക്കും