കേരളം

kerala

ETV Bharat / state

മരട് ഫ്ലാറ്റ് പൊളിക്കല്‍ നടപടി; ഐഐടി സംഘം മരടില്‍ എത്തി - എറണാകുളം

സ്ഫോടനത്തെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രകമ്പനത്തിന്‍റെ തോത് അളക്കുന്നതിനായി മരടിലെ 10 ഇടങ്ങളില്‍ ആക്‌സിലെറോ മീറ്ററുകള്‍ സ്ഥാപിക്കുമെന്ന് ഐഐടി വിദഗ്‌ധര്‍ അറിയിച്ചു.

മരട് ഫ്ലാറ്റ് പൊളിക്കല്‍ നടപടി  ഐഐടി സംഘം ഇന്ന് മരടില്‍ എത്തി  സ്ഫോടനത്തെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രകമ്പനം  ആക്‌സിലെറോ മീറ്ററുകള്‍  എറണാകുളം  ernakulam latest news
മരട് ഫ്ലാറ്റ് പൊളിക്കല്‍ നടപടി

By

Published : Jan 4, 2020, 3:04 PM IST

എറണാകുളം: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി സ്ഫോടനം നടത്തുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനത്തെ കുറിച്ച് പഠിക്കാൻ മദ്രസ് ഐഐടിയിൽ നിന്നുള്ള സംഘം മരടിൽ എത്തി. സ്ഫോടനത്തെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രകമ്പനത്തിന്‍റെ തോത് അളക്കുന്നതിനായി മരടിലെ 10 ഇടങ്ങളില്‍ ആക്‌സിലെറോ മീറ്ററുകള്‍ സ്ഥാപിക്കുമെന്ന് ഐഐടി വിദഗ്‌ധര്‍ അറിയിച്ചു.

ഉച്ചയോടെ മരടിൽ എത്തിയ ഐഐടി സംഘം ഫ്ലാറ്റുകൾ സന്ദർശിച്ചതിന് ശേഷം സബ്‌കലക്ടറുമായി കൂടിക്കാഴ്ച നടത്തും. അതേസമയം ആദ്യം നിയന്ത്രിത സ്ഫോടനം നടത്തുന്ന ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ സ്ഫോടക വസ്തുക്കൾ നിറക്കുന്ന ജോലികൾ ശനിയാഴ്‌ച രാവിലെ തന്നെ ആരംഭിച്ചു. അങ്കമാലിയിലെ ഗോഡൗണിൽ നിന്ന് വെള്ളിയാഴ്‌ച രാവിലെയാണ് ഹോളി ഫെയ്ത്ത് ഫ്ലാറ്റിലേക്ക് സ്ഫോടക വസ്തുക്കൾ എത്തിച്ചത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്ന സമയം. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടക വസ്തുക്കളാണ് നിയന്ത്രിത സ്ഫോടനത്തിനായി ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ഫ്ലാറ്റുകളിലേക്ക് പ്രവേശിക്കുന്നതിന് ശക്തമായ നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. തൊഴിലാളികൾ പോലും മൊബൈൽ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ശക്തമായ താക്കീതും നൽകിയിട്ടുണ്ട്.

ഫ്ലാറ്റുകൾ പൊളിക്കുന്നതിലെ ക്രമം മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ചർച്ച ചെയ്യാനും മറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വൈകിട്ട് കലക്ടറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. അതേസമയം ക്രമം മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കരാറെടുത്ത കമ്പനികളുടെ വാദം.

ABOUT THE AUTHOR

...view details