എറണാകുളം :സിറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റു. കാക്കനാട് മൗണ്ട് സെന്‍റ് തോമസിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. സഭയുടെ അഡ്‌മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള കാനോനിക നിയമപ്രകാരമുള്ള ചടങ്ങുകൾക്ക് നേതൃത്വം നൽകി.
നിയുക്ത മേജർ ആർച്ച് ബിഷപ്പ് സിനഡ് മെത്രാന്മാർ ഉൾപ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട സദസിന് മുന്നിൽ വിശ്വാസ പ്രഖ്യാപനവും മേജർ ആർച്ച് ബിഷപ്പിന്‍റെ ഉത്തരവാദിത്വങ്ങൾ വിശ്വസ്‌തതയോടെ നിർവഹിക്കുമെന്നുള്ള പ്രതിജ്ഞയും നടത്തിയതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. സഭ അഡ്‌മിനിസ്ട്രേറ്റർ മേജർ ആർച്ച് ബിഷപ്പിന്‍റെ അധികാര ചിഹ്നമായ ദണ്ഡ് കൈമാറുകയും തലപ്പാവ് അണിയിക്കുകയും ചെയ്‌തു. തുടർന്ന് സിനഡ് മെത്രാന്മാരും സഹോദര സഭകളുടെ പ്രതിനിധികളും പുതിയ മേജർ ആർച്ച് ബിഷപ്പിനെ ആശിർവദിച്ചു.
മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ കുർബാനയ്ക്ക് നേതൃത്വം നൽകുകയും വിശ്വാസികളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയും ചെയ്‌തു. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദത്തെയും കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാജിവച്ചതോടെയാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്.
പുതിയ മേജർ ആർച്ച് ബിഷപ്പിന്‍റെ തെരഞ്ഞെടുപ്പ് വാർത്ത വത്തിക്കാനിലും സിറോ മലബാർ സഭയുടെ കേന്ദ്ര കാര്യാലയത്തിലും ഒരേ സമയം ഇന്നലെ (ജനുവരി 10) വായിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. ജനുവരി 8ന് ആരംഭിച്ച 32ാമത് മെത്രാൻ സിനഡിന്‍റെ ഒന്നാം സമ്മേളനത്തിന്‍റെ രണ്ടാമത്തെ ദിവസം നടത്തിയ വോട്ടെടുപ്പിലൂടെ പുതിയ മേജർ ആർച്ച് ബിഷപ്പായി റാഫേൽ തട്ടിലിനെ തെരഞ്ഞെടുക്കുകയായിരുന്നു.