എറണാകുളം: കായിക കേരളത്തിന്‍റെ അഭിമാനമായി മാറിയ ഹോക്കിയിലെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷിനെ ആദരിക്കാൻ മാനുവൽ ഫ്രെഡറിക് കൊച്ചിയിലെത്തി. യുഎഇ അസ്ഥാനമായ വിപിഎസ് ഹെല്‍ത്ത് കെയറിന്‍റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സ്നേഹ സമ്മാനം ശ്രീജേഷിന് നല്‍കുന്ന ചടങ്ങാണ് കേരളത്തില്‍ ഒളിമ്പിക് മെഡലെത്തിച്ച രണ്ട് പ്രതിഭകളുടെ സംഗമ വേദിയായത്.
കേരളത്തിന് അഭിമാനമായ രണ്ട് താരങ്ങൾ ഒരു വേദിയിൽ
49 വർഷങ്ങൾ മുമ്പ് ഹോക്കി ഒളിമ്പിക്‌സ് മെഡൽ ആദ്യമായി കേരളത്തിലെത്തിച്ച മാനുവലും ശ്രീജേഷും തമ്മിലുള്ള കൂടികാഴ്‌ച കായികപ്രേമികൾക്ക് സമ്മാനിച്ചത് അപൂർവ്വ അനുഭവം. മ്യൂണിക് ഒളിമ്പിക്‌സിൽ നേടിയ വെങ്കല മെഡൽ മാനുവലും, ടോക്കിയോ ഒളിമ്പിക്‌സിൽ നേടിയ മെഡൽ ശ്രീജേഷും ഒരുമിച്ച് ഉയർത്തിയ കാഴ്‌ച കണ്ടുനിന്ന കാണികൾക്കും ആവേശം നൽകി.
മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ ഇന്ത്യൻ ഹോക്കിയുടെ ഗോൾ വല കാത്ത അനുഭവങ്ങൾ മാനുവൽ വിശദീകരിച്ചു. ശ്രീജേഷിന് ആവശ്യമായ ഉപദേശങ്ങളും തന്ത്രങ്ങളും കൈമാറുമെന്ന് പറഞ്ഞ മാനുവൽ, പുതിയ കാലത്തെ ടെക്‌നിക്കുകൾ തനിക്ക് ശ്രീജേഷിൽ നിന്ന് പഠിക്കണമെന്നും ആഗ്രഹമറിയിച്ചു. സ്വന്തം നാടായ കേരളത്തിന്‍റെ ഹോക്കിയിലെ വളർച്ചയാണ് താൻ ആഗ്രഹിക്കുന്നത്. അതിൽ പ്രധാന പങ്കുവഹിക്കാൻ ശ്രീജേഷിന് കഴിയുമെന്നും പാരീസ് ഒളിമ്പിക്‌സിലൂടെ ശ്രീജേഷും സംഘവും സ്വർണ മെഡൽ തിരിച്ചു പിടിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം ഹോക്കിയുടെ വളർച്ചയ്ക്ക് കേരളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപെടുത്തണമെന്നും ഒളിമ്പ്യന്മാർ അഭിപ്രായപ്പെട്ടു.