നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്‌താരത്തിനായി മഞ്ജു വാര്യർ രണ്ടാം ദിവസവും ഹാജരായി എറണാകുളം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ 11-ാം സാക്ഷിയായ നടി മഞ്ജു വാര്യർ സാക്ഷി വിസ്‌താരത്തിനായി രണ്ടാം ദിവസവും വിചാരണ കോടതിയിൽ ഹാജരായി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സാക്ഷി വിസ്‌താരം. പ്രോസിക്യൂഷൻ വിസ്‌താരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
ഇന്ന് ക്രോസ് വിസ്‌താരമാണ് നടക്കുക. ഈ കേസിൽ നേരത്തെ മഞ്ജു വാര്യരെ വിസ്‌തരിച്ചിരുന്നു. എന്നാൽ, ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് തുടരന്വേഷണം നടത്തിയതിനാലാണ് മഞ്ജു വാര്യർ ഉൾപ്പെടെയുളള പ്രധാന സാക്ഷികളെ വീണ്ടും വിസ്‌തരിക്കാൻ പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്.
ഇതിനെ ചോദ്യം ചെയത് എട്ടാം പ്രതിയും നടനുമായ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളിയതോടെയാണ് മഞ്ജു വാര്യരെ വീണ്ടും വിസ്‌തരിക്കുന്നത്. ബാലചന്ദ്രകുമാർ ദിലീപിനെതിരെ അന്വേഷണ സംഘത്തിന് കൈമാറിയ ദിലീപിന്‍റെയും സഹോദരന്‍റെയും ഉൾപ്പടെയുള്ള ശബ്‌ദരേഖകളിലെ ശബ്‌ദം അവരുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയുന്ന സാക്ഷി കൂടിയാണ് മഞ്ജു വാര്യർ.
ആക്രമണത്തിനിരയായ നടിയും മഞ്ജുവും തമ്മിൽ അടുത്ത സൗഹൃദമുള്ളവരാണ്. ആക്രമണത്തിനിരയായ നടി ദിലീപിനെതിരായ ചില വ്യക്തിപരമായ കാര്യങ്ങൾ മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ദിലീപിന് ആക്രമണത്തിനിരയായ നടിയോടുള്ള ശത്രുതയ്ക്ക് കാരണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ഇതേ തുടർന്നുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചന നടത്തി നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.
ഈയൊരു സാഹചര്യത്തിൽ കൂടിയാണ് നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ സാക്ഷിവിസ്‌താരം പ്രാധാന്യമർഹിക്കുന്നത്. രണ്ടാമതും മഞ്ജു വാര്യരെ വിസ്‌തരിക്കുന്നത് തടയുകയെന്ന ദിലീപിന്‍റെ ശ്രമം സുപ്രീം കോടതിയിലും പരാജയപ്പെട്ടതോടെയാണ് വീണ്ടും സാക്ഷിവിസ്‌താരം നടത്താൻ അവസരം ലഭിച്ചത്. അതേസമയം, അടച്ചിട്ട കോടതി മുറിയിൽ നടക്കുന്ന സാക്ഷിവിസ്‌താരത്തിന്‍റെ വിശദാംശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.