എറണാകുളം:കൊച്ചിയിൽ ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മരിച്ച മലപ്പുറം സ്വദേശി സജീവ് കൃഷ്‌ണയുടെ തലയിലും കഴുത്തിലും കുത്തേറ്റ നിരവധി പാടുകളുണ്ടെന്ന് പൊലീസ് കണ്ടെത്തി. യുവാവ് മരിച്ചത് ഓഗസ്റ്റ് 12നും 16നും ഇടക്കാണെന്നാണ് പൊലീസ് നിഗമനം.
അതേസമയം യുവാവിന്‍റെ പോസ്‌റ്റുമോര്‍ട്ടം ഇന്ന് നടക്കും. സജീവിനൊപ്പം ഫ്ലാറ്റിലുണ്ടായിരുന്ന പയ്യോളി സ്വദേശി അർഷാദിനായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാളുടെ ബന്ധുവീടുകളിൽ ഉൾപ്പടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്വിച്ച് ഓഫായ അര്‍ഷാദിന്‍റെ മൊബൈല്‍ ഫോണിന്‍റെ അവസാന ടവർ ലൊക്കേഷൻ തേഞ്ഞിപ്പാലമാണെന്നും പൊലീസ് കണ്ടെത്തി.
ചൊവ്വാഴ്‌ച വൈകുന്നേരമാണ് സജീവ് കൃഷ്‌ണയുടെ മൃതദേഹം ഫ്ളാറ്റില്‍ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ ഇന്‍ഫോപാര്‍ക്ക് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റില്‍ സജീവ് ഉള്‍പ്പടെ നാല് പേരാണ് ഒരുമിച്ച് താമസിച്ചിരുന്നത്.