എറണാകുളം : പ്രിയ സംവിധായകൻ സിദ്ദിഖിന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടിയും മോഹൻലാലും. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് ഇരുവരും അനുശോചനം രേഖപ്പെടുത്തിയത്. സ്വന്തം സിദ്ദിഖിന് ആദരാഞ്ജലികൾ എന്ന് മമ്മൂട്ടി കുറിച്ചപ്പോൾ സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ് എന്നാണ് മോഹൻ ലാൽ അനുശോചിച്ചത്.
'വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ... അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ... സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി'- മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.
'എൻ്റെ പ്രിയപ്പെട്ട സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നർമ്മത്തിലൂടെയും സാധാരണക്കാരൻ്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്‌കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യ. വിഷയങ്ങളിലെ വൈവിധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിൻ്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷക ലക്ഷങ്ങൾ കാത്തിരുന്നു.
സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്‌ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു.
അദ്ദേഹം അസിസ്റ്റൻ്റ് ഡയറക്‌ടറായി പ്രവർത്തിച്ച ആദ്യ ചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാന ചിത്രമായ ബിഗ് ബ്രദറിൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ് ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ' - മോഹൻലാൽ കുറിച്ചു.
സിദ്ദിഖിന്‍റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തിയിരുന്നു. അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്‍റെ വിയോഗത്തിലൂടെ സാംസ്‌കാരിക കേരളത്തിന് നഷ്‌ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറിച്ചു. ഗൗരവതരമായ ജീവിത പ്രശ്‌നങ്ങളെ നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലർത്തിയിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചിച്ചു.
അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ : ചൊവ്വാഴ്‌ച വൈകുന്നേരം എട്ട് മണിയോടെയാണ് മലയാളികളുടെ പ്രിയ സംവിധായകൻ സിദ്ദിഖ് അന്തരിച്ചത്. ഹൃദായാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കരൾ രോഗം, ന്യുമോണിയ എന്നിവയെ തുടർന്നായിരുന്നു സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവയ്‌ക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയായിരുന്നു.
ഇതിനിടെ വൈകിട്ട് മൂന്ന് മണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇതോടെയാണ് ആരോഗ്യസ്ഥിതി കൂടുതൽ വഷളായത്. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്‍റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു. തുടർന്ന് ആരോഗ്യാവസ്ഥ സംബന്ധിച്ച് കുടുംബത്തെ വിവരം അറിയിച്ചു.
പിന്നാലെ അദ്ദേഹത്തിന് നൽകിവന്ന എഗ്‌മോ സപ്പോർട്ട് പിൻവലിക്കുകയായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ദീർഘനാളായി സിദ്ദിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. രോഗം കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്‌ച അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. പിന്നാലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കരൾ രോഗബാധയോടൊപ്പം ന്യൂമോണിയ ബാധിച്ചത് ആരോഗ്യസ്ഥിതി കൂടുതല്‍ പ്രതികൂലമാക്കി. ഇതോടൊപ്പം ഹൃദായാഘാതമുണ്ടായതും നില സങ്കീര്‍ണമാക്കി.