എറണാകൂളം: വിശ്വാസികളുടെ അഭയ കേന്ദ്രമായി മാറുകയാണ് മാമലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി. എറണാകുളം ജില്ലയിലെ പിറവത്തുനിന്നും ഏകദേശം നാല് കിലോമീറ്റർ വടക്കുമാറി സ്ഥിതി ചെയ്യുന്ന പുരാതന ദേവാലയമാണ് മാമലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി. ആയിരം വർഷത്തിലധികം പഴക്കം കണക്കാക്കപ്പെടുന്ന ഈ ദേവാലയം പോർച്ചുഗീസ് കാലഘട്ടത്തിന് മുൻപ് സ്ഥാപിതമായതാണെന്ന് ചരിത്രരേഖകളിൽ പറയുന്നു.
പണ്ട് കാലത്ത് പിറവം പള്ളിയിൽ ആരാധനയ്ക്കായി എത്തിയ ഒരു സ്ത്രീ വിശ്വാസിക്ക് നേരിട്ട അപമാനം നിമിത്തം നാട്ടിലെത്തിയ ഇവർ കാടുപിടിച്ചു കിടന്നിരുന്ന സ്ഥലത്ത് പുതിയ ദേവാലയം പണിത് ആരാധന ആരംഭിച്ചതായി പറയപ്പെടുന്നു. എ.ഡി 1864 ൽ ക്രൈസ്തവ പണ്ഡിതനായിരുന്ന കോനാട്ട് അബ്രാഹാം മൽപ്പാൻ ഒന്നാമന്‍റെ ജീവചരിത്രത്തിലാണ് പള്ളിയുടെ ആരംഭകാലത്തെ പ്രതിപാദിക്കുന്നത്. കോനാട്ട് അബ്രഹാം മൽപ്പാൻ ഇവിടെ നിന്നും പാമ്പാക്കുട പള്ളിയിലേയ്ക്ക് പിന്നീട് താമസം മാറുകയും അവിടെ വൈദിക വിദ്യാഭ്യാസം നൽകുന്ന ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. ഇന്നും പള്ളിയിലെ പ്രധാന പെരുന്നാൾ ദിനമായ മെയ് 14, 15 ദിവസങ്ങളിലെ ആദ്യ കുർബ്ബാന അർപ്പിക്കുന്നത് കോനാട്ട് കുടുംബത്തിലെ വൈദികനാണെന്നത് ഈ ദേവാലയവുമായി ബന്ധപ്പെട്ടുള്ള ഇവരുടെ ബന്ധത്തെ ദൃഢപ്പടെുത്തുന്നു. പിന്നീട് പോർച്ചുഗീസ് അധിനിവേശ കാലത്ത് പള്ളി പുതുക്കി നിർമിച്ചതായും പള്ളിയുടെ ഇപ്പോഴത്തെ നിർമ്മാണ രീതി വിലിയിരുത്തി ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു.