കൊച്ചി: മലേഷ്യന്‍ സാംസ്‌കാരിക വൈവിധ്യവും രുചിപ്പെരുമയും കോർത്തിണക്കി കൊച്ചിയില്‍ മലേഷ്യന്‍ ഫുഡ്‌ഫെസ്റ്റ്. പരമ്പരാഗത നൃത്ത ചുവടുകളുമായി മലേഷ്യൻ കലാകാരന്മാർ അണിനിരന്നത് കാഴ്‌ചക്കാർക്ക് വേറിട്ട അനുഭവമായി. മലേഷ്യൻ വിനോദ സഞ്ചാരത്തിന്‍റെ പ്രചാരണത്തിനൊപ്പം മലേഷ്യന്‍ രുചിഭേദങ്ങള്‍ കൊച്ചിക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവുമായാണ് പരിപാടി സംഘടിപ്പിച്ചത്. ഹോട്ടല്‍ മാരിയറ്റില്‍ ജൂലൈ 14 വരെ തുടരുന്ന മേളയില്‍ രാത്രി ഏഴ് മുതല്‍ 11 വരെ മലേഷ്യന്‍ വിഭവങ്ങള്‍ ആസ്വദിക്കാം.
മലേഷ്യന്‍ രുചിവൈവിധ്യവുമായി ഭക്ഷ്യമേള - ടൂറിസം മലേഷ്യ
ഹോട്ടല്‍ മാരിയറ്റിലാണ് മലേഷ്യന്‍ ഫുഡ്‌ഫെസ്റ്റ് നടക്കുന്നത്.
മലേഷ്യന്‍ കോണ്‍സുലേറ്റും ടൂറിസം മലേഷ്യയും മലിന്‍ഡോ എയറുമായി സഹകരിച്ച് ഒരുക്കിയ ഭക്ഷ്യമേളക്ക് മലേഷ്യയിലെ പ്രശസ്‌ത ഷെഫ് സൈനല്‍ തന്‍റെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ തുടക്കം കുറിച്ചു. ഷെഫ് സൈനലിന്‍റെ പാചക വൈദഗ്ധ്യവും അക്രോബാറ്റിക് മികവും ഒത്തുചേരുന്ന പ്രകടനം ഫുഡ് ഫെസ്റ്റിവലിന്‍റെ പ്രധാന ആകര്‍ഷണമാണ്. പാചക മികവില്‍ കാല്‍നൂറ്റാണ്ടിന്‍റെ പരിചയസമ്പന്നതയുള്ള ഷെഫ് സൈനലിനൊപ്പം ഹോട്ടല്‍ മാരിയറ്റിലെ ഷെഫ് രവീന്ദര്‍ പന്‍വാറും സംഘവും പങ്കെടുക്കുന്നുണ്ട്. മലേഷ്യന്‍ ശൈലിയില്‍ ഒരുക്കുന്ന ചിക്കന്‍ വിഭവങ്ങള്‍, മത്സ്യവിഭവങ്ങള്‍, മുട്ട വിഭവങ്ങള്‍, വെജ് വിഭവങ്ങള്‍, മലേഷ്യന്‍ മധുരപലഹാരങ്ങള്‍, മലേഷ്യന്‍ ഗ്രാമീണവിഭവങ്ങള്‍, സ്ട്രീറ്റ് ഫുഡ് എന്നിവയുടെ വൈവിധ്യമാര്‍ന്ന രുചികളാണ് കൊച്ചിയിലെ ഭക്ഷണ പ്രേമികള്‍ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്നത്.
സമാപന ദിവസമായ 14 ന് ഉച്ചക്ക് 12.30 മുതല്‍ നാല് മണി വരെ വിപുലമായ മലേഷ്യന്‍ സ്‌പെഷ്യല്‍ ബ്രഞ്ച് ഒരുക്കും. ഒരു ദശലക്ഷം ഇന്ത്യന്‍ വിനോദ സഞ്ചാരികളെ മലേഷ്യയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള വിസിറ്റ് മലേഷ്യ 2020 പ്രചാരണ പരിപാടിയുടെ ഭാഗമായി മലേഷ്യന്‍ ഫുഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് മലേഷ്യയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സമ്മാനമായി ലഭിക്കും. ടൂറിസം മലേഷ്യ ഡെപ്യൂട്ടി ഡയറക്‌ടര്‍ ലോഗി ധാസന്‍ ധനരാജും കൊച്ചി മാരിയറ്റ് ജനറല്‍ മാനേജര്‍ സുമീത് സൂരിയും ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രാവല്‍ ഏജന്‍റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രഷറര്‍ ക്രിസ്റ്റഫര്‍ മെന്‍ഡസ്, ട്രാവല്‍ ഏജന്‍റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധി തോമസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.