എറണാകുളം:മലയാള ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെന്‍റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ശാരീരിക അസ്വസ്ഥതകൾ മൂലം മാർച്ച് മൂന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ കൂടി ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ വെന്‍റിലേറ്ററിലേയ്‌ക്ക് മാറ്റിയിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ കഴിയവെയാണ് വിടവാങ്ങൽ.
പൊതുമണ്ഡലത്തിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. കഷ്‌ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ജീവിത പശ്‌ചാത്തലത്തില്‍ നിന്ന് വളർന്നുവന്ന് മലയാള സിനിമ കീഴടക്കിയ ഇന്നസെന്‍റ് സിനിമ പ്രവർത്തകരുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്‍റ് എന്ന നിലയിലും കേരളത്തില്‍ നിർണായക വ്യക്തിത്വമായി. ഇന്ത്യയിലും വിദേശത്തുമായി നടത്തിയിട്ടുള്ള സ്റ്റേജ് ഷോകളിലും ടെലിവിഷൻ ഷോകളിലും ഇന്നസെന്‍റ് നടത്തിയിട്ടുള്ള അസാധ്യ പ്രകടനം അദ്ദേഹത്തിന് സമ്മാനിച്ചത് സ്‌ത്രീകളും കുട്ടികളും പ്രായമായവരും അടക്കമുള്ള ലക്ഷക്കണക്കിന് ആരാധകരെയാണ്.
മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങൾ: അതിനൊപ്പം അവതാരകനായി എത്തിയും വിവിധ പരിപാടികൾ അദ്ദേഹത്തിന്‍റേത് മാത്രമാക്കി മാറ്റുന്നതിനും കേരളം സാക്ഷിയായി. ഏത് സമയത്തും എവിടെയും അസാമാന്യമായി നർമം കൈകാര്യം ചെയ്യാനുള്ള ഇന്നസെന്‍റിന്‍റെ കഴിവ് മലയാള സിനിമ ലോകം വർഷങ്ങളായി അനുഭവിച്ചറിഞ്ഞതുമാണ്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 750 ഓളം സിനിമകളില്‍ അഭിനയം കൊണ്ട് നിർണായക ഭാഗമായ ഇന്നസെന്‍റിനെ തേടി സംസ്ഥാന സർക്കാരിന്‍റെ മൂന്ന് പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്.
ഇന്നസെന്‍റെന്ന രാഷ്‌ട്രീയക്കാരൻ: 2021- മികച്ച ആക്ഷേപഹാസ്യ കൃതി - 'ഇരിഞ്ഞാലക്കുടക്കു ചുറ്റും' കേരള സാഹിത്യ അക്കാദമി അവാർഡും ഇന്നസെന്‍റിനെ തേടിയെത്തി. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് സിപിഎം പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്‍റ് മികച്ച വിജയം സ്വന്തമാക്കി പാർലമെന്‍റിലും തന്‍റെ സാന്നിധ്യം അറിയിച്ചു. കേരളത്തിന്‍റെ പൊതു വിഷയങ്ങൾക്കൊപ്പം കാൻസറിന് എതിരായ പോരാട്ടത്തെ ദേശീയ ശ്രദ്ധയിലെത്തിച്ച ചർച്ചകളും ഇന്നസെന്‍റ് ലോക്‌സഭയില്‍ നടത്തി.
2019ല്‍ ചാലക്കുടിയില്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1979ല്‍ ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇന്നസെന്‍റ് ലോക്‌സഭയിലേക്ക് ജയിച്ചു കയറിയ മലയാളത്തില്‍ നിന്നുള്ള ആദ്യ സിനിമ നടൻ കൂടിയാണ്. ലോക്‌സഭയില്‍ മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റികളിലും ഇന്നസെന്‍റ് അംഗമായിരുന്നു.
1948 ഫെബ്രുവരി 28ന് തൃശ്ശൂരിലെ ഇരിഞ്ഞാലക്കുടയിൽ വറീദ് തെക്കേത്തലയുടെ മകനായാണ് ഇന്നസെന്‍റ് ജനിച്ചത്. എട്ട് കുട്ടികളുള്ള മാതാപിതാക്കളുടെ അഞ്ചാമത്തെ കുട്ടിയും മൂന്നാമത്തെ മകനുമാണ്. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവന്‍റ് ഹയർസെക്കൻഡറി സ്‌കൂൾ, ഇരിഞ്ഞാലക്കുട ഡോൺ ബോസ്‌കോ ഹയർസെക്കൻഡറി സ്‌കൂൾ, ഇരിഞ്ഞാലക്കുട ശ്രീ സംഗമേശ്വര എൻഎസ്‌എസ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
എട്ടാം ക്ലാസ് വരെ മാത്രമാണ് പഠനം തുടരാനായത്. സിനിമ മോഹവുമായി മദ്രാസിലേക്ക് പോയ ഇന്നസെന്‍റ് ആദ്യം പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായി ജോലി ചെയ്‌തു. 'നെല്ല്' എന്ന സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിച്ചാണ് തിരശീലയ്‌ക്ക് മുന്നിലെത്തിയത്. 1972 ൽ പ്രേം നസീറും ജയഭാരതിയും ഒന്നിച്ച 'നൃത്തശാല' എന്ന ചിത്രത്തിമാണ് ഇന്നസെന്‍റിന്‍റെ ആദ്യ സിനിമ. തമിഴ്, ഹിന്ദി ചിത്രങ്ങളും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ടെലിവിഷൻ ഷോകളിലും സ്റ്റേജ് ഷോകളിലും എന്തിന് നാട്ടിൻപുറങ്ങളില്‍ പോലും ആളുകൾ ഇന്ന് ഏറ്റവും കൂടുതൽ അനുകരിക്കപ്പെടുന്ന നടന്മാരിൽ ഒരാളാൾ കൂടിയാണ് ഇന്നസെന്‍റ്. മിമിക്രി കലാകാരന്മാർ അദ്ദേഹത്തെ അനുകരിക്കുമ്പോൾ മലയാളി അത് ഹൃദയം കൊണ്ട് സ്വീകരിച്ചു. റാംജി റാവു സ്‌പീക്കിംഗ്, മാന്നാർ മത്തായി സ്‌പീക്കിംഗ്, കിലുക്കം, ഗോഡ്‌ഫാദർ, വിയറ്റ്‌നാം കോളനി, ദേവാസുരം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ ഇന്നസെന്‍റ് നടത്തിയ പ്രകടനം മലയാള സിനിമയുള്ള കാലത്തോളം ഓർമിക്കപ്പെടും.
കാബൂളിവാല, ഗജകേസരിയോഗം, മിഥുനം, മഴവിൽക്കാവടി, മനസ്സിനക്കരെ, തുറുപ്പുഗുലാൻ, രസതന്ത്രം, മഹാസമുദ്രം തുടങ്ങിയ ചിത്രങ്ങളിൽ ചിരിയുടെ സ്‌പർശത്തോടെ ഗൗരവമുള്ള വേഷങ്ങളിൽ അദ്ദേഹം നടത്തിയ പ്രകടനം അസാമാന്യം തന്നെയായിരുന്നു. സൂപ്പർതാരങ്ങൾക്ക് ഒപ്പത്തിനൊപ്പവും നായകനായും വില്ലനായും ഇന്നസെന്‍റ് തിളങ്ങുമ്പോൾ അത് സിനിമയുടെ കൂടി വിജയമായിരുന്നു.
എഴുതി പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾ: ഞാൻ ഇന്നസെന്‍റ്, കാൻസർ വാർഡിലെ ചിരി, ഇരിഞ്ഞാലക്കുടക്ക് ചുറ്റും (ഓർമ്മക്കുറിപ്പുകൾ), മഴ കണ്ണാടി (ചെറിയ കഥ സമാഹാരം), ചിരിക്കു പിന്നിൽ (ആത്മകഥ) എന്നീ അഞ്ച് പുസ്‌തകങ്ങൾ ഇന്നസെന്‍റ് രചിച്ചിട്ടുണ്ട്. 'കാൻസർ വാർഡിലെ ചിരി' തൊണ്ടയിലെ അർബുദത്തിന് ചികിത്സയിലിരിക്കെ എഴുതിയ അദ്ദേഹത്തിന്‍റെ അനുഭവങ്ങളുടെ വിവരണമാണ്.